കൊയിലാണ്ടി: കീഴരിയൂർ, മേപ്പയ്യൂർ പഞ്ചായത്തിലെ മീറോഡ് മല ചെങ്കൽ ഖനനം തഹസിൽദാറും സംഘവും സന്ദർശിച്ച് നിർത്തിവെപ്പിച്ചു. മലയുടെ താഴ്വരയിലെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയായ മീറോഡ് മല സംരക്ഷണ വേദി നൽകിയ പരാതിയിലാണ് നടപടി. തഹസിൽദാരുടേയും കീഴരിയൂർ കോക്കല്ലൂർ വില്ലേജ് ഓഫീസർമാരുടേയും സന്ദർശനത്തിന് ശേഷമാണ് നടപടി.
വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരത്തിന് ഉണ്ടായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഖനനം തുടരുമോ എന്ന ആശങ്കയുമുണ്ട്. സർക്കാർ പതിച്ച് നൽകിയ ഭൂമി ഉടമകൾ ക്രയവിക്രയം ചെയ്തതോടെയാണ് ഖനനക്കാരുടെ ഉടമസ്ഥതയിലായത്. കല്ല് കൊണ്ട് പോകാൻ താത്കാലികമായി നിർമ്മിച്ച റോഡ് സർക്കാർ ഭൂമിയിലുമാണ്. അഞ്ച് വർഷം മുമ്പ് നാട്ടുകാർ ആരംഭിച്ച സമരത്തിലൂടെയാണ് വിഷയം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തത്.
ലോക്ഡൗൺ കാലത്ത് നിർത്തിയ ഖനനം വീണ്ടും തുടങ്ങിയതോടെ സമരം ശക്തമായി. നിർമ്മാണ മേഖലയിൽ ചെങ്കല്ലിന് വലിയ ഡിമാൻഡാണ്. കണ്ണൂർ ജില്ലയിൽ നിന്ന് കല്ല് വരാതായതോടെ ഖനനത്തിന്റെ വേഗതയും കൂടി. അഞ്ച് സംഘങ്ങൾ ഇവിടെ ഖനനം ചെയ്യുന്നുണ്ട്. ഖനനത്തെ തുടർന്ന് വലീയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നാട്ടുകാർ അനുഭവിക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു.
തുറയൂർ, കീഴരിയൂർ മേപ്പയ്യൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതാണ് ഈ മല. കീഴരിയൂർ പഞ്ചായത്ത് നൽകിയ ഖനനാനുമതി പിൻവലിക്കണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം. തഹസിൽദാരുടെ നേതൃത്വത്തിൽ കോഴ്ക്കല്ലൂർ കീഴരിയൂർ വില്ലേജ് ഓഫീസർമാർ സർവേ നടത്തി റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഖനനത്തിന് കേന്ദ്ര മൈനിംഗ് വകുപ്പ് നൽകിയ ക്ളിയറൻസ് റദ്ദാക്കണമെന്നും സംരക്ഷണ വേദി ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പരിശോധിക്കാൻ ബന്ധപ്പെട്ടവർ ഇതുവരെയും തയ്യാറായിട്ടില്ല.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ കഴിയുന്ന ഇടമാണിത്. ജില്ലയുടെ പല ഭാഗത്തു നിന്നും ആളുകൾ ഇപ്പോഴും എത്താറുണ്ടെന്ന് സമിതി ചെയർമാൻ എൻ.എം. ദാമോദരൻ പറഞ്ഞു. ആ മേഖലയിൽ പഞ്ചായത്തു നീങ്ങിയാൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലെ ജനപങ്കാളിത്തമാണ് നടപടിയെടുക്കാൻ അധികാരികളെ നിർബന്ധിതരാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.