taluk

വെള്ളരിക്കുണ്ട്: ജീവനക്കാരന് കൊവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിലെ ജീവനക്കാർ നേരിടുന്നത് വാടക കെട്ടിടത്തിലെ ദുരിതം നിറഞ്ഞ ജോലി. രണ്ട് തഹസിൽദാർമാർ ഉൾപ്പെടെ 52 ജീവനക്കാർ തിങ്ങി പാർക്കുന്ന ഓഫീസിൽ നിലവിൽ ഉള്ളത് മൂന്ന് ശൗചാലയം മാത്രം. 17 ലേഡീസ് ജീവനക്കാർക്ക് ഒരു ശൗചാലയമാണ്. 15 അടി വീതിയിലുള്ള ഇടുങ്ങിയ കുഞ്ഞൻ മുറിയിൽ 5 പേരാണ് ഒരുമിച്ചിരുന്ന് ജോലി ചെയ്യുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യണമെന്നിരിക്കെ ഇതിന് സൗകര്യവുമില്ല.
ബി. സെക്ഷനിൽ ജോലി ചെയ്യുന്ന അന്യ ജില്ലക്കാരനായ ഒരാൾക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിതീകരിച്ചത്. ഇയാൾ ഒരുമുറിയിൽ മറ്റു അഞ്ചു ജീവനക്കാർക്കൊപ്പം താമസിക്കുന്നയാളാണ്. സർക്കാർ ഓഫീസ് ആവശ്യങ്ങൾക്ക് നൽകിയിട്ടുള്ള ലാപ് ടോപ് ഇവർ അഞ്ചു പേരും മാറി മാറി ഉപയോഗിക്കുന്നു. ഒരാൾക്ക് രോഗം സ്ഥിതീകരിച്ചതോടെ മറ്റ് അഞ്ചു പേരും ഒരേ സെക്ഷനിൽ ജോലി ചെയ്യുന്നവരും നിരീക്ഷണത്തിൽ പോകണമെന്നിരിക്കെ അനുവാദം കളക്ട്രേറ്റിൽ നിന്നും ലഭിച്ചിട്ടില്ല.
ബുധനാഴ്ച ഒരാൾക്ക് കൊവിഡ് സ്ഥിതീകരിച്ചപ്പോൾ തഹസിൽദാർ അടക്കമുള്ള ജീവനക്കാരെ നിരീക്ഷണത്തിൽ വിടാതെ വ്യഴാഴ്ച തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് കളക്ട്രേറ്റിൽ നിന്നും അറിയിപ്പുണ്ടായത്. ഇതിൽ എതിർ അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും കളക്ട്രേറ്റിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി.

വ്യാഴാഴ്ച രാവിലെ ഓഫീസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലായിരുന്നു പരിശോധന ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ അണുനശീകരണത്തിന് എത്തിയ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ താലൂക്ക് ഓഫീസിലെ കുടുസു മുറി കണ്ട് പരിശോധന തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി. ഓഫീസിന്റെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് നിറുത്തി വെക്കും എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് തീരുമാനം മാറ്റി ജനങ്ങൾക്ക് ഓഫീസിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു.
വ്യഴാഴ്ച്ച തഹസിൽദാർ ഉൾപ്പെടെയുള്ളവർ കാൽനടയായാണ് നിർമ്മലഗിരി സ്‌കൂളിൽ എത്തിയത്. വെള്ളരിക്കുണ്ടിലെ വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും കാട്ടുന്ന അവഗണനയ്ക്കെതിരെ ജീവനക്കാരുടെ ഇടയിൽ പ്രതിഷേധമുണ്ട്.