photo1

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി അവസാനിപ്പിക്കാനൊരുങ്ങി കർഷകർ. കടം വാങ്ങിയും ബാങ്ക് ലോൺ തരപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സന്ധ്യയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണ് പതിവ്. പുലർച്ചേ റബ്ബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച ,വട്ടപ്പൻകാട് ,കരിമ്പിൻ കാല ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടങ്ങളിൽ പകലും കാട്ടുപന്നി കൂട്ടത്തെ കാണാം. ഇവിടെ അറവ് മാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുക പതിവാണ്. അനധികൃത അറവ് ശാലകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നാട്ടുകാർ നൽകിയെങ്കിലും അധികാരികൾ അവഗണിച്ച മട്ടാണ്. നാഗര, പ്രാമല, വട്ടപ്പൻകാട്, ഭദ്രം വച്ച പാറ, കടുവാച്ചിറ, പൊട്ടൻചിറ, കുറുങ്ങണം, ഒഴുകുപാറ, കരിമ്പിൻ കാല, ഓട്ടുപാലം, പുലിയൂർ, പേരയം, ആലുങ്കുഴി, മീൻമുട്ടി, താന്നിമൂട്, പാണ്ഡിയൻപാറ, പുന്നമൺ വയൽ, വെളിയങ്കാല, മങ്കയം, വേങ്കൊല്ല ശാസ്താംനട, ഇടിഞ്ഞാർ, കോളച്ചൽ, മുത്തിക്കാണി, കൊന്നമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. വന്യ ജീവികളെ കാട്ടിലേക്ക് വിരട്ടി അയയ്ക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനവും ഇവിടങ്ങളിൽ ലഭിക്കുന്നില്ല. ആനകൾക്കും മറ്റ് കാട്ടുമൃഗങ്ങൾക്കും ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങളും ചെടികളും വെട്ടി നശിപ്പിച്ച് അക്കേഷ്യയും മാഞ്ചിയവും വെച്ചുപിടിപ്പിച്ചതിനാൽ ഭക്ഷണം കിട്ടാതായതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും. കാലാവധി കഴിഞ്ഞ ഇത്തരം പ്ലാന്റേഷനുകൾ വെട്ടിമാറ്റി തനത് വൃക്ഷങ്ങളും ചെടികളും വച്ച് പിടിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം.

 അറവ് മാലിന്യവും കാട്ടുപന്നികളും

പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഗുരുതരമായി പരിക്കേറ്റ പലർക്കും ചികിത്സയ്ക്കാവശ്യമായ സഹായം പോലും നാളിതുവരെ അധികാരികളുടെ ഭാഗത്ത് നിന്ന് നൽകിയിട്ടില്ല. നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപം അറവ് മാലിന്യം സാമൂഹ്യ വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഈ ഭാഗത്ത് എത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും ധാരാളമായി കൃഷി നശിപ്പിക്കുന്നുണ്ട്. റബർ, വാഴ, മരച്ചീനി ,പച്ചക്കറികൾ തുടങ്ങി കണ്ണിൽ കാണുന്ന എല്ലാം നശിപ്പിച്ചിട്ടേ പന്നി കൂട്ടം തിരികെ മടങ്ങുകയുള്ളൂ. നന്ദിയോട്, പെരിങ്ങമ്മല, തൊളിക്കോട് പഞ്ചായത്തുകളിലെ അറവ് മാലിന്യം രാത്രികാലങ്ങളിൽ കൊണ്ടു തള്ളുന്നത് റോഡിന്റെ വശങ്ങളിലും ജനവാസ മേഖലയിലുമാണ്. ഇതും പ്രദേശത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.

നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ വർദ്ധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണം. അതോടൊപ്പം കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് അർഹമായ ധനസഹായവും പന്നിയുടെ ആക്രമണത്തിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ സഹായവും നൽകാനുള്ള നടപടികൾ സ്വീകരിക്കണം

നവോദയ മോഹനൻ നായർ

സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി

നന്ദിയോട്