1

പൂവാർ: ഒരു കാലത്തും വറ്റാത്ത പൂവാറിന്റെ ജലസ്രോതസായിരുന്ന ചകിരിയാർ ഇന്ന് കൈയേറ്റവും മാലിന്യനിക്ഷേപവും കരാണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. പൂവാർ ചെറിയപാലം മുതൽ അരുമാനൂർ താമരക്കുളം വരെ നീളുന്നതും അനേകം കൈത്തോടുകൾ വന്നു ചേരുന്നതുമാണ് ചകിരിയാർ. ചിരിത്രപ്രസിദ്ധമായ എ.വി.എം കനാൽ പൂവാറിലെത്തി നെയ്യാറുമായി സംഗമിച്ചിരുന്നത് ചകിരിയാറിന്റെ സഹായത്താലായിരുന്നു. പൂവാറും സമീപ പ്രദേശങ്ങളും കൃഷിയിലും കയർ വ്യവസായത്തിലും മുന്നേറാൻ കാരണമായത് ചകിരിയാറിന്റെ സാന്നിധ്യാമാണ്. കൂടാതെ തീരത്തെ പ്രദേശവാസികൾ പ്രധാന ജലസ്രോതസായി ആശ്രയിച്ചിരിക്കുന്നതും ചകിരിയാറിനെ ആയിരുന്നു. എന്നാൽ ചകിരിയാറിന്റെ ഭാഗമെല്ലാം ഇന്ന് കൈയേറ്റക്കാരുടെ കൈകളിലാണെന്നാണ് നാട്ടുകാർ പറയുന്നത്. പലതരം കൃഷികളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കൊണ്ട് അവിടമെല്ലാം നിറഞ്ഞിട്ടുണ്ട്. 50 മീറ്റർ വീതിയുണ്ടായിരുന്ന ചകിരിയാർ ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ലെന്നും നാട്ടുകാർ പറയുന്നു. കൈത്തോടുകൾ പലതും കൈയേറ്റത്തിന്റെ ഭാഗമായി മണ്ണിട്ട് മൂടി. അവശേഷിക്കുന്നിടങ്ങളെല്ലാം അഴുക്കുചാലായി മാറിയിരിക്കുന്നു. നിലവിൽ കുടിക്കാനോ കുളിക്കാനോ ചകിരിയാറിലെ വെള്ളം ഉപയോഗിക്കാനാവില്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയുന്നതും ഇവിടേക്കാണ്. പൂവാർ ബസ്റ്റാൻഡിലെ മാലിന്യവും ചകിരിയാറിലേക്ക് ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഇതു കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ലോറിയിലും മറ്റും മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയക്കാരുടെ മധുരവാഗ്ദ്ധാനങ്ങളിൽ ഒന്നാണ് ചകിരിയാർ നവീകരണം. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിപ്പുറം ചകിരിയാറിൽ യാതൊരു നവീകരണവും നടന്നിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പദ്ധതി തയാറാക്കിയെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ തുടർനടപടികൾ നിശ്ചലമായി.

നീരുറവകളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടേണ്ടത് വരും തലമുറയുടെ നിലനില്പിന്റെ ആവശ്യമായി പരിഗണിച്ച് പരിസ്ഥിതി പ്രവ‌ത്തകരെയും പ്രകൃതി സ്നേഹികളേയും ഒരുമിച്ച് ചേർത്ത് ചകരിയാർ സംരക്ഷണ സമിതിക്ക് രൂപം നൽകും.

-ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യദേവൻ

 പ്രധാന പ്രശ്നങ്ങൾ

വീടുകളിലെയും മറ്രും മാലിന്യം ഒഴുക്കിവിടുന്നു

ലോറികളിലെത്തിച്ച് മാലിന്യം നിക്ഷേപിക്കുന്നു

കൈയേറ്റവും മണ്ണിട്ട് നികത്തലും

കൈത്തോടുകൾ പലതും മൂടി

 ചകിരിയാറിന്റെ ചരിത്രം

നൂറ്റാണ്ടുകൾക്ക് മുമ്പത്തെ 'പോക്കു മൂസാപുരം" എന്ന പട്ടണമാണ് ഇന്നത്തെ പൂവാർ. പൂവാറിന് വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിഞ്ഞിരുന്നതായി ചരിത്ര രേഖകളിൽ സൂചിപ്പിക്കുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽ നാടുകളുമായി വ്യാപര ബന്ധം സ്ഥാപിക്കുന്നതിന് എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഉപ്പും നെല്ലും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും ധാരാളമുണ്ടായി. അതുപോലെ കയറുത്പന്നങ്ങളുടെ നിർമ്മാണത്തിൽ പൂവാർ മേഖല വികസിച്ചു. ജനങ്ങൾ ഇതിനായി ചകിരിയാറിലെ വെള്ളത്തിൽ തൊണ്ട് അഴുകാനിടുന്നതിനാലാണ് ചകിരിയാർ എന്ന പേര് വന്നതെന്ന് പഴമാക്കാർ പറയുന്നു.