കിളിമാനൂർ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലും ഓട്ടിസം സെന്റർ എന്ന സ്വപ്നം കിളിമാനൂരിലും യാതാർത്ഥ്യമായി.സമഗ്ര ശിക്ഷാ കേരളം ബി. ആർ.സി കിളിമാനൂർ പരിധിയിലെ ഗവൺമെന്റ് വി.എസ്.എൽ.പി.എസിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയും സമഗ്ര ശിക്ഷാകേരളം അനുവദിച്ച അമ്പതിനായിരം രൂപയും ഉപയോഗിച്ച് നവീകരണ പ്രവർത്തനം പൂർത്തിയായത്.സെന്ററിന്റെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.ഉപജില്ലയിലെ അർഹരായ എല്ലാ കുട്ടികൾക്കും ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഓട്ടിസം ട്രെയിനിംഗ്,സെൻസറി തെറാപ്പി,തൊഴിൽ പരിശീലനം എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജഷൈജു ദേവ് ഓട്ടിസം സെന്ററിലേക്കുള്ള ഉപകരണങ്ങൾ കൈമാറി.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു,പ്രഥമാദ്ധ്യാപിക അനിതകുമാരി ബി.ആർ.സി പരിശീലകൻ വൈശാഖ് കെ.എസ്,പരിശീലകരായ വിനോദ് സ്മിത അനീഷ്, ഷാമില എം,സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്,അദ്ധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.