കിളിമാനൂർ: ഓൺലൈനായി ഓർഡർ ചെയ്തത് ടീ ഷർട്ട്. കൈയിൽ കിട്ടിയത് ഉപയോഗിച്ച് കീറിയ ബനിയൻ. വില കൂടിയ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് മരക്കഷ്ണം. ഓൺലൈൻ സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർക്ക് കിട്ടുന്ന പണികളാണിവ. സോഷ്യൽ മീഡിയ വഴി രാജ്യത്തെ മുൻ നിര ഷോപ്പിംഗ് സൈറ്റുകളുടെ വ്യാജ പതിപ്പിറക്കിയാണ് തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. ഓർഡർ ചെയ്ത സാധനത്തിന് പകരം ആക്രി സാധനങ്ങൾ വരെ അയച്ചു കൊടുത്തു പറ്റിക്കുന്ന സംഘങ്ങളുണ്ട്.
ഡൽഹി, ജാർഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ വ്യാജ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഗുണനിലവാരമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നാണ് പരസ്യത്തിലുണ്ടാവുക. വസ്ത്രങ്ങളിൽ കോംബോ ഓഫറാണ് മറ്റൊരു പ്രധാന ആകർഷണം. എന്നാൽ ഉത്പന്നം കൈയിൽ കിട്ടുമ്പോഴാണ് ചതി മനസിലാകുന്നത്. സൈറ്റുകളുടെ ആധികാരികത മനസിലാക്കാതെ പണം മുടക്കുന്നവരാണ് ഈ വലയിൽ വീഴുന്നത്. പരാതികൾ വ്യാപകമായിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ അധികൃതരും തയ്യാറാകുന്നില്ല. നാണക്കേട് ഭയന്ന് പരാതി നൽകാൻ ജനങ്ങൾ മുന്നോട്ടുവരാത്തതും ഇത്തരം സംഘങ്ങൾക്ക് വളമാകുന്നു.
ശ്രദ്ധിക്കാൻ....
അംഗീകൃത സൈറ്റുകളിൽ മാത്രം സാധനങ്ങൾ ഓർഡർ ചെയ്യുക
വെബ് സൈറ്റ് അഡ്രസിന് മുന്നിൽ പച്ച നിറത്തിലുള്ള പാഡ് ലോക്ക് അടയാളം ഉണ്ടെന്ന് ഉറപ്പാക്കുക
വെബ് അഡ്രസ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
വെബ്സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കൃത്യമാണോയെന്നു പരിശോധിക്കുക
കാഷ് ഓൺ ഡെലിവെറി ഓപ്ഷൻ കൂടുതലായി സ്വീകരിക്കുക