editorial-

വിവാദങ്ങളുടെ കാർമേഘപടലങ്ങളാൽ ആവൃതമായതിനാൽ സർക്കാരിന്റെ എടുത്തുപറയേണ്ട പല നേട്ടങ്ങളും മയങ്ങിക്കിടപ്പാണ്. അതിൽ ഏറ്റവും എടുത്തുപറയേണ്ടതാണ് സർക്കാർ സ്കൂളുകൾ നിലവാരത്തിന്റെ കാര്യത്തിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നേടിയ വളർച്ചയും ഉയർച്ചയും. വിദ്യാഭ്യാസരംഗത്ത് ലോകോത്തര നിലവാരത്തിലേക്കാണ് നാം വളർന്നുകൊണ്ടിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിൽ ലഭിക്കില്ലെന്ന ധാരണ അപ്പാടെ അട്ടിമറിച്ചുകൊണ്ടാണ് ഈ വിജയം നേടിയത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അത് പ്രദാനം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും നൽകിയ നേതൃത്വവുമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ വളർച്ച കൈവരിക്കാൻ ഇടയാക്കിയത്. സ്കൂൾ തലങ്ങളിലെ അദ്ധ്യാപകരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. ഇത് പൊതുസമൂഹത്തിൽ സൃഷ്ടിച്ച ആത്മവിശ്വാസം ചെറുതല്ല. ഇതിന്റെ പ്രത്യക്ഷ തെളിവാണ് 2017 - 18 മുതൽ 2019 - 20 വരെ മൂന്ന് അക്കാഡമിക് വർഷങ്ങളിലായി 5.05 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നത്. അഞ്ച് വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ആഗോളവത്‌കരണത്തിന്റെ തുടക്കത്തോടെ കുട്ടികളെ ഏതുവിധേനയും സ്വകാര്യ വിദ്യാലയങ്ങളിൽ ചേർക്കുക എന്ന പ്രവണതയാണ് കണ്ടിരുന്നത്. അതിന് മുമ്പുള്ള കാലങ്ങളിൽ സമ്പന്നർ മാത്രം അവലംബിച്ചിരുന്ന രീതിയായിരുന്നു അത്. പിന്നീട് സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാമ്പത്തികമായി ഞെരുക്കം നേരിടുന്ന രക്ഷിതാക്കളെ വരെ ഒരു പകർച്ചവ്യാധി പോലെ അതു ബാധിച്ചു. വിദ്യാഭ്യാസത്തിലൂടെയല്ലാതെ വളരാനും സമ്പത്ത് നേടാനും കഴിയില്ലെന്ന അവസ്ഥ പ്രബലമായതിനോടൊപ്പം സർക്കാർ സ്കൂളുകളുടെ നിലവാരം താഴോട്ട് പതിക്കുകയും ചെയ്തതാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. പണമില്ലാത്തവർ പോലും മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ കനത്ത ഫീസ് ഒടുക്കിക്കൊണ്ട് ചേർക്കാൻ തുടങ്ങി. ഈ ഒഴുക്കിനെതിരെയുള്ള നീക്കമാണ് സർക്കാർ നടത്തിയത്. നാലരവർഷം കഴിഞ്ഞപ്പോൾ എല്ലാ അർത്ഥത്തിലും അതു വിജയിച്ചു എന്നതിന്റെ തെളിവാണ് സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ തിരിച്ചൊഴുക്ക് സാക്ഷ്യപ്പെടുത്തുന്നത്.

ലോകം മുഴുവൻ കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വീണപ്പോൾ കുട്ടികളെ പഠനവഴിയിൽ നിലനിറുത്താനായി കഴിഞ്ഞ ജൂൺ ഒന്നിന് തന്നെ ഡിജിറ്റൽ ക്ളാസുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ കഴിഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത മികവാണിത്. എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അക്കാഡമിക് രംഗത്തും സർക്കാർ മുന്നേറ്റങ്ങൾ നടത്തി. നീതിആയോഗ് നടത്തിയ എസ്.ഇ.ക്യു.ഐ എന്ന ഗുണനിലവാര പഠനത്തിൽ കേരളത്തിന് ലഭിച്ച ഒന്നാംസ്ഥാനം ഇതിന്റെ തെളിവാണ്. ഭാഷാവികാസത്തിനും പഠനപിന്തുണ ആവശ്യമായ കുട്ടികൾക്കുമായി നിരവധി പദ്ധതികൾ തുടങ്ങി വിജയിപ്പിച്ചു. കുട്ടികളുടെ പ്രതിഭ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള 'ടാലന്റ് ലാബും" കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനുള്ള സർഗ വിദ്യാലയ പദ്ധതിയുമെല്ലാം അതുവരെയുള്ള സ്ഥിരം പാതയിൽ നിന്നുള്ള മാറിനടപ്പായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക കരിക്കുലവും വികസിപ്പിച്ചു.

സാങ്കേതിക വിദ്യാരംഗത്ത് അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള ബദൽ ജനകീയ മാതൃകയാണ് സർക്കാർ മുന്നോട്ട് വച്ചത്. ഹയർ സെക്കൻഡറിയിലെ 45,000 ക്ളാസ് മുറികൾ സാങ്കേതിക വിദ്യാസൗഹൃദമാക്കി. മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. 4752 സ്കൂളുകളിലാണ് ഐ.ടി അടിസ്ഥാന സൗകര്യം ഉറപ്പാക്കിയത്. മുഴുവൻ സ്കൂളുകളിലും ബ്രോഡ്‌ബാന്റ് ഇന്റർനെറ്റ് സൗകര്യം ഒരുക്കി. നൂറ് ദിന കർമ്മപദ്ധതികളുടെ ഭാഗമായി പുതുതായി നിർമ്മിച്ച 45 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി.

ഇതൊന്നും ചെറിയ നേട്ടങ്ങളല്ല. കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മാറ്റങ്ങളാണ്. നിർഭാഗ്യവശാൽ ഇത് കണ്ണുതുറന്ന് കണ്ട് അഭിനന്ദിക്കുന്നതിൽ പൊതുസമൂഹം പുറംതിരിഞ്ഞാണ് നിൽക്കുന്നത്. അവരുടെ ചർച്ചകൾ എപ്പോഴും വിവാദങ്ങളെക്കുറിച്ചാണ്. സർക്കാർ സ്കൂളുകൾ കൈവരിക്കുന്ന ഈ നേട്ടം സ്വകാര്യ മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സർക്കാർ സ്കൂളുകൾ ഈ രീതിയിലുള്ള മികവുമായി മുന്നോട്ടുപോയാൽ നാളെ സമ്പന്നരുടെ മക്കൾ പോലും സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയേക്കാമെന്ന വസ്തുത അവരെ തുറിച്ചുനോക്കുന്നുണ്ടാകാം. അതിനാൽ സർക്കാരിന്റെ നേട്ടം കണ്ടില്ലെന്ന് നടിക്കുന്നതിന് പൊതുസമൂഹത്തെ പ്രേരിപ്പിക്കാൻ അവരും ശ്രമിച്ചെന്നിരിക്കും. ചെറിയ ഫീസിൽ വിലകൂടിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നിടത്തേ ഇനിയുള്ള കാലത്ത് കുട്ടികൾ പോകൂ. അതിലേക്ക് ഒരു വലിയ കാൽവയ്‌പ്പാണ് ഇടതുമുന്നണി സർക്കാർ നടത്തിയിരിക്കുന്നത്. കാർമേഘങ്ങൾക്കിടയിലൂടെയെങ്കിലും ഈ വെള്ളിവെളിച്ചം നാം കാണാതിരിക്കരുത്.