കുളത്തൂർ: തീരദേശ റോഡ് ഉൾപ്പെടെ അഞ്ച് പ്രധാന റോഡുകൾ കൂടിച്ചേരുന്ന കുളത്തൂർ സ്റ്റേഷൻകടവ് ജംഗ്‌ഷനിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല. ഇവിടത്തെ റെയിൽവേ ലെവൽ ക്രോസാണ് ഗതാഗത ക്കുരുക്കുണ്ടാക്കുന്നതിൽ പ്രധാന വില്ലൻ. വി.എസ്.എസ്.സി കനാൽ ഗേറ്റ് , കേന്ദ്രീയ വിദ്യാലയം, ഹൗസിംഗ് കോളനി, പള്ളിത്തുറ, മേനംകുളം ഗെയിംസ് വില്ലേജ്, ആൾ സെയിന്റ്സ്,വേളി, കഴക്കൂട്ടം ബൈപാസ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റേഷൻകടവിലെ കുരുക്കിൽപ്പെട്ട് വലയുന്നത്. ഒാവർബ്രിഡ്ജോ അണ്ടർപാസോ ഇല്ലാത്ത ഈ വഴിയിൽ ഗതാഗതക്കുരുക്കിൽ പെടാതെ മറികടക്കുക നടപ്പുള്ള കാര്യമല്ല.
ഇടയ്ക്കിടയ്ക്ക് തകരാറിലാകുന്ന റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ അടച്ചിടുന്നത് വാഹന യാത്രക്കാരെയും സ്ഥലവാസികളെയും ഒരു പോലെ ദുരിതത്തിലാക്കും. ഇരു ട്രാക്കിലൂടെയും ചെറിയ ഇടവേളകളിൽ ഓരോ ട്രെയിനും കടന്നുപോകാനായി കുറഞ്ഞത് 25 മിനിട്ടെങ്കിലും പൊരിവെയിലത്ത് ഗേറ്റിന്റെ ഇരുഭാഗത്തുമായി കാത്തിരിക്കേണ്ടിവരുന്നു. അര കിലോമീറ്റർ നീളത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഗേറ്റിന് ഇരുവശത്തും കാത്തുകിടക്കുന്നത്. സമീപത്ത് തുമ്പ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ഹോം ഗാർഡിനെപ്പോലും ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടില്ല. ഇക്കാരണത്താൽ ഐ.എസ്.ആർ.ഒ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽപ്പെട്ടു വലയുന്നത് ഇവിടെ പതിവാണ്.
ദേശീയപാതയായ ആക്കുളം ബൈപാസ് നാലുവരിപ്പാതയായി വികസിപ്പിച്ചതോടെ സ്റ്റേഷൻകടവ് ഭാഗത്തെ വാഹനത്തിരക്ക് അഞ്ചിരട്ടിയായി വർദ്ധിച്ചു. ഇതോടെ നിലവിലുള്ള വീതി കുറഞ്ഞ റോഡുകൾ വാഹനപ്പെരുപ്പം കാരണം വീർപ്പുമുട്ടുകയാണ്. റയിൽവേ ഗേറ്റിന്റെ ലോക്ക് പണിമുടക്കുന്ന ദിവസങ്ങളിൽ വാഹന യാത്രക്കാർ അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള കഴക്കൂട്ടം മേൽപ്പാലത്തെ ആശ്രയിക്കുകയാണ് പതിവ്. തന്ത്രപ്രധാനമായ ബഹിരാകാശ കേന്ദ്രവും തീരദേശ റോഡുകളും സ്ഥിതിചെയ്യുന്ന ഇവിടെ ഒാവർബ്രിഡ്ജോ അണ്ടർപാസോ നിർമ്മിക്കണമെന്ന ആവശ്യത്തിന് വി.എസ്.എസ്.സിയുടെ വളർച്ചയോളം പഴക്കമുണ്ട്.
തിരുവനന്തപുരം - കൊല്ലം പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ ആരംഭിച്ച ഘട്ടത്തിൽ ഐ.എസ്.ആർ.ഒയുടെ ആവശ്യം പരിഗണിച്ച് ഇവിടെ ഒാവർബ്രിഡ്ജ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. സർവേ നടപടികൾ പൂർത്തിയായെങ്കിലും ഒാവർബ്രിഡ്ജ് നിർമ്മാണം യഥാർത്ഥ്യമായില്ല. ഇപ്പോൾ വി.എസ്.എസ്.സി ജീവനക്കാരെ കൊണ്ടുപോകുന്ന ബസുകളും മറ്റ് വാഹനങ്ങളും കഴക്കൂട്ടം വരെ സഞ്ചരിച്ച് അവിടെ നിന്ന് ഒാവർബ്രിഡ്ജ് വഴിയാണ് വേളിമല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ എത്തുന്നത്. ബൈപാസ് റോഡിൽ നിന്ന് സ്റ്റേഷൻകടവ് തീരദേശ റോഡിലേക്ക് ഒാവർബ്രിഡ്ജ് നിർമ്മിച്ചാൽ വി.എസ്.എസ്.സിക്കും ആയിരക്കണക്കിന് തദ്ദേശ വാസികൾക്കും ഒരു പോലെ പ്രയോജനപ്പെടും.
കുരുക്ക് മുറുകുന്ന വഴി
*ദേശീയ പാതയിൽനിന്ന് തീരദേശ പാതയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന പ്രധാന കവാടം
*ബൈപാസിലെ പാതയിരട്ടിപ്പിക്കൽ വന്നതോടെ ലെവൽ ക്രോസ് യാത്ര കൂടുതൽ ദുരിതത്തിലായി.
*രാവിലെ 5ന് തുടങ്ങുന്ന കുരുക്ക് രാത്രി 8നും അവസാനിക്കാറില്ല
*റെയിൽവേ ഗേറ്റിലേക്കുള്ള റോഡ് വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുരുക്ക് വീണ്ടും മുറുകും
*നിരവധി സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ്, പാസഞ്ചർ, ചരക്കു വണ്ടികൾ ഉൾപ്പെടെ കടന്നുപോകുന്ന വഴി