വെള്ളറട: നെയ്യാറിനു കുറുകെ കുമ്പിച്ചൽ കടവ് പാലത്തിന് തറക്കല്ലിട്ടു. സംസ്ഥാന സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് തുക വകയിരുത്തിയത്. അമ്പൂരിയിലെ പതിനൊന്നോളം ആദിവാസി സെറ്റിൽമെന്റിലെ താമസക്കാരുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ കുമ്പിച്ചൽ കടവ് പാലം ഉറപ്പുനൽകിയിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ 15 കോടി രൂപ ചെലവഴിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അനുയോജ്യമായ രീതിയിൽ പാലം പണിയാൻ ബഡ്ജറ്റിൽ തുക നീക്കിവച്ചതോടെ ആദിവാസി സെറ്റിൽമെന്റുകൾ സന്തോഷത്തിലായിരുന്നു. ഇപ്പോൾ 18 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം.
ഇന്നലെ മന്ത്രി ജി. സുധാകരൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അമ്പൂരി സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഓൺലൈനായി പാലത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചീഫ് എൻജിനിയർ മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സംസാരിച്ചു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി സ്വാഗതവും പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ പി.ആർ മഞ്ചുഷ നന്ദിയും രേഖപ്പെടുത്തി.
ഇനി ആശ്വാസം
നൂറുകണക്കിന് ആദിവാസികളാണ് നെയ്യാർ റിസർവോയറിനപ്പുറമുള്ള കൊമ്പയിൽ, പന്തപ്ളാമൂട്, തൊടുമല, പുരവിമല, ശംഖുകോണം തുടങ്ങിയ സെറ്റിൽമെന്റുകളിലായി താമസിക്കുന്നത്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആകെ മൂന്ന് കടത്തുകളാണുള്ളത്. കാലപ്പഴക്കം ചെന്ന കടത്തുവള്ളങ്ങളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. രാത്രിയായാൽ കടത്തുവള്ളങ്ങൾ ലഭിക്കുകയുമില്ല. കടത്തുകടക്കുന്നതിനിടയിൽ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ അപകടം നിറഞ്ഞ കടത്തുവള്ളങ്ങളിലാണ് സ്കൂളുകളിൽ വിട്ടിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ രോഗബാധിതരെ ആശുപത്രികളിൽ എത്തിക്കാൻ പോലും സാധിച്ചിരുന്നില്ല. പാലം പണികഴിയുന്നതോടെ രാത്രി കാലയാത്രയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ആദിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.