banana

തിരുവനന്തപുരം: കേരളത്തിന്റെ നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരം ആദ്യഘട്ടത്തിൽ ലണ്ടനിലേക്ക് അയയ്ക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കും. കർഷകർക്കും കയറ്റുമതിക്കാർക്കും ഇതിനുള്ള സൗകര്യങ്ങൾ വി.എഫ്.പി.സി.കെ ഒരുക്കും. വിമാനം വഴിയുള്ളതിനേക്കാൾ ചെലവുകുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടെയ്‌നർ (10 ടൺ) നേന്ത്രക്കായ മാർച്ചിൽ കയറ്റിഅയയ്ക്കും.
തൃശൂരിലെ തിരഞ്ഞെടുക്കപ്പെട്ട 10 കർഷകരിൽ നിന്നാണ് നേന്ത്രക്കായ ശേഖരിക്കുക. മാർച്ചിലെ ട്രയൽ കഴിഞ്ഞാലുടൻ കൂടുതൽ കയറ്റുമതി നടത്തും. പദ്ധതി വിജയകരമായാൽ കേരളത്തിലെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

കയറ്റുമതി ഇങ്ങനെ

നേന്ത്രക്കുലകൾ 80 മുതൽ 85 ശതമാനം മൂപ്പിൽ വിളവെടുക്കുകയും കൃഷിയിടത്തിൽ വച്ച് പടലകളാക്കി കറയോ, പാടുകളോ ഇല്ലാതെ കായ്കൾ പായ്ക്ക് ഹൗസിൽ എത്തിക്കും. ഇവിടെ പ്രീകൂളിംഗിനും ശുദ്ധീകരണത്തിനും ശേഷം, ശ്രദ്ധയോടെ സംഭരിക്കും. ഈർപ്പം മാറ്റി കാർട്ടൺ ബോ‌ക്സുകളിലാക്കി താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്‌നറുകളിലാക്കും.