electin-1

വെള്ളറട: മലയോര മേഖലയിലെ 8 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് കഴിഞ്ഞ രണ്ടുതവണയും ഭാഗ്യ പരീക്ഷണത്തിലൂടെയാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇരുമുന്നണികൾക്കും തുല്യ സീറ്റുകൾ ലഭിച്ചെങ്കിലും നറുക്കിൽ ഭാഗ്യം തുണച്ചത് എൽ.ഡി.എഫിനാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നറുക്കെടുപ്പ് നടത്തിയിരുന്നു. ഇക്കുറിയെങ്കിലും ഇതിനു മാറ്റം വരുമെന്നാണ് പ്രതീക്ഷ.

ഈ ബ്ളോക്കിൽ 14 ഡിവിഷനുകളാണുള്ളത്. അമ്പൂരി , കള്ളിക്കാട്, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാൽ, കൊല്ലയിൽ , ആര്യങ്കോട്, പഞ്ചായത്തുകളിൽ എൽ.ഡി.എഫും ഒറ്റശേഖരമംഗലത്ത് യു.ഡി.എഫുമാണ് ഭരണം. ബ്ളോക്ക് പഞ്ചായത്ത് രൂപീരിച്ച ശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് ഭരണം ലഭിച്ചു. ഒരു തവണയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്. ഇപ്പോൾ എൽ.ഡി.എഫിന് 7 ഉം യു.ഡി.എഫ് 6, യു.ഡി.എഫ് സ്വതന്ത്രൻ 1, എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണത്തെക്കാൾ കൂടുതൽ ഡിവിഷനുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്നാണ് നേതൃത്വം പറയുന്നത്. ഏഴുപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം നടത്തുന്നതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അവരുടെ വാദം.

യു.ഡി.എഫും കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. ബി.ജെ.പി കൂടുതൽ ഡിവിഷനുകളിൽ മത്സരിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. 14 ഡിവിഷനുകളിലും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടികൾ. എൽ.ഡി.എഫിലും കോൺഗ്രസിലും ഭൂരിഭാഗം ഡിവിഷനുകളിലും സ്ഥാനാർത്ഥിയെ നിശ്ചയിച്ചു കഴിഞ്ഞു. 14 ഡിവിഷനുകളിൽ എൽ.ഡി.എഫിൽ സി.പി.എം 11ലും സി.പി.ഐ മൂന്നു ഡിവിഷനുകളിലും മത്സരിക്കും. യു.ഡി.എഫിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ബി.ജെ.പിയും പകുതിയിലേറെ ഡിവിഷനുകളിൽ മത്സരിക്കും. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനും കെ.കെ.സിക്കും സീറ്റു നൽകും.