health-data

തിരുവനന്തപുരം: കിരൺ ആരോഗ്യസർവേയുടെ മറവിൽ സംസ്ഥാനത്തെ പത്തുലക്ഷത്തോളം പേരുടെ ആരോഗ്യവിവരങ്ങൾ വിദേശ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കൺസൾട്ടിംഗ് കരാറുള്ള കാനഡയിലെ പി.എച്ച്.ആർ.ഐ. എന്ന സ്ഥാപനത്തിന് നൽകിയത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയെന്ന് ആക്ഷേപം. ഡേറ്റാ കൈമാറാൻ കേന്ദ്രാനുമതി അനിവാര്യമാണെന്ന് പദ്ധതിയിൽ പങ്കാളിയായിരുന്ന അച്യുതമേനോൻ സെന്ററിലെ ഒരുവിഭാഗം നിലപാടെടുത്തു. എന്നാൽ,ആരോഗ്യസർവേയിൽ സാങ്കേതിക പങ്കാളിയായി കനേഡിയൻ സ്ഥാപനത്തെ ഉൾക്കൊള്ളിച്ചതിനാൽ അവരെ സഹകരിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഡേറ്റാ കൈമാറുന്നതിൽ അപാകതയില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തെന്നാണ് പുതിയ വെളിപ്പെടുത്തൽ.

സർവേയുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിലെല്ലാം പി.എച്ച്.ആർ. ഐ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.ഏറ്റവും ഒടുവിൽ ഉന്നതതലയോഗം കൊച്ചിയിൽ ചേർന്നതുതന്നെ പി.എച്ച്.ആർ.ഐ തലവൻ ഡോ. സലിം യൂസഫിന്റെ സൗകര്യം മാനിച്ചായിരുന്നു ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡയും ഉദ്യോഗസ്ഥരും കൊച്ചിയിലെത്തുകയായിരുന്നു. യോഗം ചേർന്ന വിവരം സർവേയിലെ പ്രധാനിയായിരുന്ന ഡോ. വി രാമൻകുട്ടിയും സ്ഥിരീകരിക്കുന്നു

ഡേറ്റാ ശേഖരണത്തിന്റെ ചുമതലയുണ്ടായിരുന്ന അച്യുതമേനോൻ സെന്റിറിലെ ഡോ. കെ. ആർ. തങ്കപ്പന് പി.എച്ച്.ആർ.ഐ തലവൻ അയച്ച കത്ത് പ്രകാരം ആഴ്ചതോറും വിവരങ്ങൾ കൈമാറാനുള്ള സർക്കാർ അനുമതിയെക്കുറിച്ച് പറയുന്നുമുണ്ട്. കിരൺ സർവേയുമായി പി.എച്ച്.ആർ.ഐയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.