തിരുവനന്തപുരം: വഞ്ചിയൂർ അഡി.സബ് ട്രഷറിയിൽ രണ്ടേ മുക്കാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ എം.ആർ. ബിജുലാൽ ജാമ്യം നേടി പുറത്തിറങ്ങിയിട്ടും ട്രഷറി സോഫ്ട്‌വെയറിലെ പിഴവുകൾ പരിഹരിച്ചില്ല.
2019 ഡിസംബർ 23 നും 2020 ജൂലായ് 31 നും ഇടയിൽ രണ്ട് കോടി 74 ലക്ഷം രൂപയാണ് വഞ്ചിയൂർ അഡീ. സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന എം.ആർ. ബിജുലാൽ തട്ടിയെടുത്തത്. ഒരു അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറിയ ശേഷം ആ ഇടപാട് റദ്ദാക്കിയാൽ ഇരു അക്കൗണ്ടുകളിലും പണം അതേപടി തുടരുമെന്ന് മനസിലാക്കിയാണ് ബിജുലാൽ പണം തട്ടിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സോഫ്ട്‌വെയറിൽ നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും ഇതുവരെ പൂർണമായി പരിഹരിച്ചിട്ടില്ല. ധനവകുപ്പിലെ ഐ.ടി ഡിവിഷൻ ഇൻഫർമേഷൻ സിസ്റ്രം ഡയറക്ടർ കോശിവൈദ്യൻ, ധനവകുപ്പ് അഡിഷണൽ സെക്രട്ടറി ഫെരോൾ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ സോഫ്ട്‌വെയറിലെ പിഴവുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രധാന പിഴവുകൾ
മാസത്തിന്റെ ആദ്യദിവസങ്ങളിൽ തിരക്കുമൂലം സോഫ്ട്‌വെയർ പ്രവർത്തനരഹിതമാകും.
ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ ലോഗിൻ ചെയ്താലും കണ്ടെത്താനാകുന്നില്ല
ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാൻ കഴിയുന്നു
ഉടൻ പരിഹരിക്കുമെന്ന്
സോഫ്ട്‌വെയർ അപ്ഡേഷൻ പൂർത്തിയായെന്നും ഇതിന്റെ ട്രയൽ റൺ നടന്നുവരികയാണെന്നുമാണ് അധികൃതർ പറയുന്നത്. സോഫ്ട്‌വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) തന്നെയാണ് ന്യൂനതകൾ പരിഹരിക്കുന്നതും. എന്നാൽ ട്രഷറികളിലെ തിരക്ക് കാരണം അപ്ഡേറ്റ്ചെയ്ത സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ താമസം നേരിടുന്നതായും ജീവനക്കാർ പറയുന്നു. 16ന് ധനസെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന റിവ്യൂ മീറ്റിംഗിന് ശേഷം തീയതി തീരുമാനിക്കും. ആറ് മാസത്തിനുള്ളിൽ സോഫ്ട്‌വെയറിന്റെ ഓഡിറ്റിംഗും നടത്തും.