സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനും അവരുടെ ജീവിതത്തെ കുറിച്ച് അറിയാനും പ്രേക്ഷകർക്ക് എന്നും കൗതുകമാണ്. ഇപ്പോൾ ഇതാ അത്തരത്തിലൊരു താരത്തിന്റെ ഫോട്ടോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മുരളിയുടെ കവിളിൽ മുത്തം കൊടുക്കുന്ന താരം മറ്റാരുമല്ല. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലാണ്. 2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ' ആണ് റിലീസിനൊരുങ്ങുന്ന പ്രണവ് ചിത്രം.വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന പുതിയ ചിത്രത്തിലും പ്രണവ് ഉണ്ട്. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയം'.