തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് വിശദീകരണമാരായാനുള്ള നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനത്തിൽ അതൃപ്തിയറിയിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
ഇ.ഡിയുടെ ഇടപെടൽ ഭൂരഹിതർക്കും ഭവനരഹിതർക്കുമുള്ള ഭവന പദ്ധതി സംബന്ധിച്ച് സഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിന് തടസമുണ്ടാക്കുന്നതാണെന്ന് കാട്ടി സി.പി.എം അംഗം ജെയിംസ് മാത്യുവാണ് സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയത്. എ. പ്രദീപ്കുമാർ അദ്ധ്യക്ഷനായ സഭാസമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഇ.ഡി അസി.ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. കോൺഗ്രസ് അംഗം വി.എസ്. ശിവകുമാർ ഇതിനോട് വിയോജിച്ചു. സർക്കാരിന്റെ സ്വാർത്ഥതാത്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാസമിതിയെ സ്പീക്കർ കരുവാക്കിയെന്ന് ചെന്നിത്തല കത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെത്തുടർന്നാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള ഇടപെടൽ നിയമസഭാസമിതിയുടെയും സ്പീക്കറുടെയും ഭാഗത്ത് നിന്നുണ്ടായത് ദുഃഖകരമാണെന്ന് ചെന്നിത്തല പറഞ്ഞു.