kathiripp

മുടപുരം: തലയ്ക്കുമീതെ അപകട ഭീഷണിയുമായി അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രം. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്രി പുതിയത് നിർമ്മിക്കണമെന്ന ആവശ്യത്തോട് അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. മുൻപ് തന്നെ ശോച്യാവസ്ഥയിലായിരുന്ന കേന്ദ്രത്തിൽ ഒരാഴ്ച മുൻപ് മുതലപ്പൊഴിയിലേക്ക് കരിങ്കല്ലുമായി പോയ ലോറി ഇടിച്ചു. ഇതോടെയാണ് തകർച്ച പൂർണമായത്. ഇരിപ്പിടത്തിനടിയിൽ പാകിയിട്ടുള്ള ഇന്റർ ലോക്ക് തകർന്ന നിലയിലാണ്. മേൽക്കൂരയെ താങ്ങിനിറുത്തുന്ന മെറ്റൽ തൂണുകളും തുരുമ്പ് പിടിച്ച് ദ്രവിച്ചു. കമ്പികൾ വളഞ്ഞ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നുള്ള വീട്ടിലേയും കടയിലേയും മെറ്റൽ ഷീറ്റുകളിൽ താങ്ങിയാണ് നിൽക്കുന്നത്. ഇത് താഴെ വീഴാതിരിക്കാൻ നാട്ടുകാർ കമ്പികൊണ്ട് ബന്ധിച്ചിരിക്കുകയാണ്. 2008ൽ നിർമ്മിച്ച ഈ കാത്തിരിപ്പ് കേന്ദ്രം ഒരു വർഷം മുൻപും കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാഗീകമായി തകർന്നിരുന്നു. ഇനിയൊരു അപകടമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആശ്രയിക്കുന്നവർ നിരവധി

ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഗണപതിയാംകോവിൽ ജംഗ്ഷൻ. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിലെ ഈ ജംഗ്ഷനിൽ മാടൻവിളയിൽ നിന്നു വരുന്ന റോഡും കോളിച്ചിറയിൽ നിന്നു വരുന്ന റോഡും സന്ധിക്കുന്നു. ചിറയിൻകീഴ് നിന്നും പെരുങ്ങുഴി വഴി ചെമ്പഴന്തി എസ്.എൻ. കോളേജ്, ആൾ സെയിന്റ്സ് കോളേജ്, സെന്റ് സേവിയേഴ്സ് കോളേജ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ മുട്ടപ്പലം മംഗലപുരം വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും അഴൂർ കടവ് വഴി മാടൻവിള പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഈ ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്. അതിനാൽ നിരവധി പേരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. ഇവരുടെ സുരക്ഷയാണ് ഇപ്പോൾ തുലാസിലായത്.


"പൂർണമായും തകർന്നിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. പുതിയ കാത്തിരിപ്പുകേന്ദ്രം നി‌ർമ്മിക്കാൻ അധികൃതർ തയ്യാറാകണം."

എസ്. കുമാർ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി