kanam-

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടർ ബോൾട്ടിന്റെ പ്രവർത്തനം കേരളവനത്തിൽ ആവശ്യമില്ലെന്ന് സർക്കാർ തീരുമാനിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ

ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ നക്സൽ വിരുദ്ധസേനയായ തണ്ടർബോൾട്ട് കേരളത്തിൽ വേണ്ടെന്നതാണ് പാർട്ടി സംസ്ഥാന കൗൺസിൽ പ്രമേയത്തിന്റെ അന്തസ്സത്ത. കാരണം രാജ്യത്ത് നിലനിൽക്കുന്ന ഏക ഇടതുസർക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണത്. ആളുകളെ വെടിവച്ച് കൊല്ലുകയെന്നത് കേരളത്തിൽ എൽ.ഡി.എഫിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമല്ല. അത് സർക്കാരിന്റെ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. സർക്കാരിൽ താഴെ നിന്ന് കിട്ടുന്ന റിപ്പോർട്ടനുസരിച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. തങ്ങൾ പറയുന്നത് വിഷയം രാഷ്ട്രീയമായി വിലയിരുത്തിയാണ്.

മഞ്ചക്കണ്ടി മാവോയിസ്റ്റ് കൊലപാതകത്തിന് ശേഷം സി.പി.ഐ നൽകിയ അന്വേഷണ റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടിയെടുത്തെന്ന ചോദ്യത്തിന്, മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് തന്നെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല പിന്നെയല്ലേ സി.പി.ഐയുടെ റിപ്പോർട്ട് എന്നായിരുന്നു മറുപടി. ജാർഖണ്ഡിലും മദ്ധ്യപ്രദേശിലുമുള്ള മാവോയിസ്റ്റ് പ്രവർത്തനം കേരളത്തിലില്ല. മാവോയിസ്റ്റ് പ്രവർത്തനങ്ങളോട് പാർട്ടി വിയോജിക്കുന്നത് പോലെ തന്നെ അവരെ വെടിവച്ച് കൊല്ലാമെന്ന് ഭരണകൂടം കരുതുന്നതിനോടും വിയോജിക്കുന്നു.

മാവോയിസ്റ്റ് ഭീഷണി നിലനിറുത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണ്. കേന്ദ്ര ഫണ്ടിന്റെ ആവശ്യം അവർക്കാണ്. അതിന് ആളുകളെ വെടിവച്ച് കൊല്ലേണ്ട ആവശ്യമില്ല.

വയനാട്ടിലേത്

ഏകപക്ഷീയ നടപടി

വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന് പൊലീസാണ് പറയുന്നത്. അങ്ങനെയല്ലെന്നാണ് അവിടെ സന്ദർശിച്ച ജനപ്രതിനിധികളും നാട്ടുകാരും പറയുന്നത്. ഏകപക്ഷീയ സംഭവമാണവിടെ നടന്നത്. കൊല്ലപ്പെട്ടയാളുടെ തോക്കിൽ നിന്ന് ഒരു വെടി പോലുമുതിർന്നിട്ടില്ല. ഒരു പൊലീസുകാരനും പരിക്കേറ്റിട്ടില്ല.

ഇ.ഡി റെയ്ഡ് രാഷ്ട്രീയ വിഷയമല്ല

ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയവിഷയമല്ല. ഒരു കേസുമായി ബന്ധപ്പെട്ട കാര്യമാണത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് സി.പി.ഐ നിലപാട്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അദ്ദേഹം പ്രതിയോ കുറ്റക്കാരനോ ആകുന്നില്ലെന്നും കാനം പറഞ്ഞു.