തിരുവനന്തപുരം: കൊല്ലത്തെ ഉൾപാർട്ടി ചേരിപ്പോരുമായി ബന്ധപ്പെട്ട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പി.എസ്. സുപാലിനെ മൂന്ന് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ സി.പി.ഐ പ്രവർത്തകർക്ക് അമർഷം.
തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുക്കാത്തതും ഒരേ കുറ്റം ചെയ്ത രണ്ടുപേരോട് രണ്ട് സമീപനം സ്വീകരിച്ചതും പ്രവർത്തകരെ ചൊടിപ്പിച്ചു. ഇതിന്റെ പ്രതികരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അവർ പ്രകടിപ്പിക്കുന്നത്.
സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്താണ് പി.എസ്. സുപാലിനും ആർ. രാജേന്ദ്രനുമെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കെ.ഇ. ഇസ്മായിൽ പക്ഷക്കാരനായി അറിയപ്പെടുന്ന സുപാലിനെ സസ്പെൻഡ് ചെയ്തപ്പോൾ,സ്വന്തം വിശ്വസ്തനായ ആർ.രാജേന്ദ്രനെതിരായ നടപടി താക്കീതിലൊതുക്കിയത് സംസ്ഥാന സെക്രട്ടറിയുടെ ഏകാധിപത്യസമീപനമായി ഒരു വിഭാഗം പ്രവർത്തകർ കാണുന്നു. പൊലീസ് മർദ്ദനമേറ്റ് ചോരയൊലിപ്പിച്ച് കിടക്കുന്ന സുപാലിന്റെ ചിത്രങ്ങൾ സഹിതമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ സമൂഹ മാദ്ധ്യമങ്ങളിൽ രക്തസാക്ഷി പരിവേഷം നൽകുന്നത്. എന്നാൽ, മൗനം പാലിക്കുകയാണ് സുപാൽ.
കാനത്തിന്റെ അടുപ്പക്കാരും അസിസ്റ്റന്റ് സെക്രട്ടറിമാരുമായ കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയുമടക്കം ഈ ഘട്ടത്തിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. എന്നാൽ,സുപാലിൽ നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും നടപടി ശക്തമായ സന്ദേശമായിരിക്കണമെന്നും നേതൃത്വം നിലപാടെടുത്തു. കൊല്ലം ജില്ലയിൽ നിന്നുള്ള നിർവാഹകസമിതി അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ.ആർ. ചന്ദ്രമോഹൻ, ചിഞ്ചുറാണി എന്നിവരുടെ റിപ്പോർട്ട് വാങ്ങിയശേഷമാണ് നടപടി തീരുമാനിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിലും ഭൂരിഭാഗംപേരും കടുത്ത നടപടിയിൽ വിയോജിപ്പ് അറിയിച്ചതായാണ് സൂചന.
ഭിന്നത ഇല്ലെന്ന് കാനം
സംസ്ഥാന കൗൺസിൽ യോഗത്തിൽ നടന്നതെന്ന രീതിയിൽ ഭാവനയിലുള്ള കാര്യങ്ങളാണ് മാദ്ധ്യമങ്ങളിൽ വന്നതെന്ന് വാർത്താസമ്മേളനത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു. ചില തല്പരകക്ഷികൾ നൽകുന്ന വിവരങ്ങളാണ് വാർത്തയായി നൽകുന്നത്. യോഗത്തിലൊരു ഭിന്നതയുമില്ല. സുപാലും രാജേന്ദ്രനും ഒരേ കുറ്റമല്ല ചെയ്തത്. തെറ്റിന്റെ ഗുരു-ലഘുത്വം നോക്കിയാണ് ശിക്ഷയെന്നും കാനം വിശദീകരിച്ചു.