തിരുവനന്തപുരം: സംസ്ഥാന ബാലവകാശ കമ്മിഷൻ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബിനീഷ് കൊടിയേരിയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡ് തടസപ്പെടുത്താൻ ശ്രമിച്ച കമ്മിഷന്റെ ഇരട്ട താപ്പിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് കമ്മിഷൻ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രതീകാത്മകമായി ചോര പുരണ്ട പെറ്റികോട്ടുകൾ ഓഫീസിന് മുന്നിലെ ബോർഡിൽ തൂക്കിയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞത്.
മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം, അസംബ്ലി പ്രസിഡന്റ് കിരൺ ഡേവിഡ്, അൻഷാദ്, രാഹുൽ, മലയിൻകീഴ് ഷാജി, മഹേഷ് എന്നിവർ നേതൃത്വം നൽകി.