തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ 197പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49, 105 എയ്ഡഡ് കോളേജുകളിൽ 117, എട്ടു സർവകാലാശാലകളിൽ 19, എട്ട് എൻജിനിയറിംഗ് കോളേജുകളിൽ 12 വീതം കോഴ്സുകളാണ് അനുവദിച്ചത്. പുതിയ കോഴ്സുകൾ ഇക്കൊല്ലം തുടങ്ങും
സർവകലാശാലകളുടെ ശുപാർശ പ്രകാരം, നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച കോളേജുകൾക്കാണ് കോഴ്സുകൾ അനുവദിച്ചത്. ദേവസ്വം ബോർഡ് കോളേജുകൾ, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളേജുകൾ, സർക്കാർ കോളേജുകൾ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിട്ടില്ല. 66 സർക്കാർ കോളേജുകളിൽ 47 ലും, ദേവസ്വം ബോർഡ്, എസ്.സി/എസ്.ടി വിഭാഗത്തിന്റെ എല്ലാ കോളേജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചു. നാനോ സയൻസ്, സ്പേസ് സയൻസ്, ഇക്കണോമെട്റിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ്, സ്‌പോർട്സ് മാനേജ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, സെയിൽസ് മാനേജ്‌മെന്റ്, മൾട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സുകളുമുണ്ട്.
പുതിയ കോഴ്സുകളെക്കുറിച്ച് പഠിക്കാൻ എം.ജി. സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയിൽ നിയോഗിച്ച ആറംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോഴ്സുകൾ അനുവദിച്ചത്. ഇപ്പോൾ നിശ്ചയിച്ച മാനദണ്ഡപ്രകാരം കോഴ്സുകൾ ലഭിക്കാത്ത കോളേജുകൾക്ക് പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.