cbi

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ, ഇനിയുള്ള നാലാഴ്ചകളിൽ രാഷ്ട്രീയ വിവാദങ്ങളുടെ മൂർച്ച കൂടും. കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആയുധമെങ്കിൽ സോളാർ കേസും ബാർ കോഴക്കേസും ഉയർത്തിക്കാട്ടാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. സ്വർണക്കടത്തിലെ അന്വേഷണത്തിനു പുറമെ സർക്കാരിന്റെ വൻ പദ്ധതികളിലേക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ പണമിടപാടുകളിലേക്കും കേന്ദ്ര ഏജൻസികൾ പിടിത്തമിട്ടതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഇതൊക്കെ യു.ഡി.എഫിനും ബി.ജെ.പിക്കും തൊടുക്കാവുന്ന മികച്ച രാഷ്ട്രീയ ആയുധങ്ങളാണ്.

രണ്ടരലക്ഷം ഭവനരഹിതർക്ക് വീടുനൽകിയ സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫിന്റെ എല്ലാരേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. കെ-ഫോൺ, ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, ഇ-മൊബിലിറ്റി, കൊച്ചി സ്‌മാർട്ട് സിറ്റിയുടെ മൂന്ന് ഘട്ടങ്ങളിലെ വികസനം എന്നീ പദ്ധതികളും ഇ.ഡി അന്വേഷണ പരിധിയിലാക്കി. പദ്ധതികളിലെല്ലാം ബിനാമി, കോഴയിടപാടുകളുണ്ടായെന്നാണ് ഇ.ഡി പറയുന്നത് ഇതിനൊടകം തന്നെ പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. എൻ.ഐ.എയ്ക്കും കസ്റ്റംസിനും പുറമെ മന്ത്രി കെ.ടി. ജലീലിനു നേരെ ഇ.ഡിയുടെ അന്വേഷണവുമുണ്ട്. രണ്ട് മന്ത്രിമാർക്കു കൂടി സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവും ബി.ജെ.പി ഉയർത്തിക്കഴിഞ്ഞു.

പ്രതിരോധിക്കാനും കേസുകൾ

സോളാർ

യു.ഡി.എഫ് നേതാക്കൾക്കെതിരെ സോളാർ വിവാദനായികയുടെ പരാതിയിലെടുത്ത, 14 പീഡനക്കേസുകളാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴിയെടുത്തു. പീഡനപരാതി നിലനിൽക്കില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പ് കു​റ്റം നിലനിൽക്കുമോയെന്ന് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് കേസിനാണ് നീക്കം. 2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ്, ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്.

ബാർകോഴ

കെ.എം. മാണിയുടെ മരണത്തോടെ അവസാനിച്ച ബാർകോഴക്കേസ് തിരഞ്ഞെടുപ്പ് ആയുധമായി വീണ്ടും ഉയർത്തെഴുനേൽക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്റിമാരായ കെ. ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണമെത്തിച്ചെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതിതേടിയിട്ടുണ്ട്.