തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താവൂയെന്നും കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ടർ ചർച്ച നടത്തി. മാസ്‌ക്, ഗ്ലൗസ്,ഫെയ്‌സ് ഷീൽഡ്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ചു വേണം പ്രചാരണം നടത്താൻ.പ്രചാരണ ബോർഡുകൾ, പോസ്റ്ററുകൾ,നോട്ടീസുകൾ എന്നിവയിൽ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ചുമതലപ്പെട്ടയാളുടെ പേരും സ്ഥാനവും നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിനു മുൻപ് ഉടമസ്ഥന്റെ അനുമതി വാങ്ങണം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ,രാഷ്ട്രീയ കക്ഷി നേതാക്കളായ കരമന ഹരി,ആനാട് ജയൻ,പൂന്തുറ സജീവ്,മേലേത്തുമേലേ രാജൻ,വേലശേരി സലാം,ഷബീർ ആസാദ് എന്നിവർ പങ്കെടുത്തു.