shanghumugham-

തിരുവനന്തപുരം: കടൽ കയറ്റം പതിവായെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ശംഖുംമുഖത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് ഇന്നലെയും സന്ദർശകരെത്തി. നവംബർ 1ന് ബീച്ചുകൾ തുറന്നതോടെ സന്ദർശകർ എത്തിത്തുടങ്ങിയിരുന്നു. ഇതിനിടെയാണ് ബീച്ച് അടച്ചത്. വേലിയേറ്റം രൂക്ഷമായതോടെയാണ് ശംഖുംമുഖം കടൽത്തീരത്ത് കളക്ടർ പ്രവേശാനുമതി നിഷേധിച്ചത്. കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയെങ്കിലും ഇതറിയാതെ നിരവധിപേർ കുടുംബത്തോടൊപ്പം ഇന്നലെ എത്തിയിരുന്നു. വേലിയേറ്റ മേഖലയിൽനിന്നുള്ള 100 മീറ്റർ പ്രദേശത്ത് സന്ദർശകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ മഴക്കാലത്തുണ്ടായ രൂക്ഷമായ കടൽ ക്ഷോഭത്തിൽ തീരത്തെ നടപ്പാതകളും തീരവും തകർന്നിരുന്നു. ബെഞ്ചുകൾ അടക്കമുള്ളവയും അപകടാവസ്ഥയിലാണ്. വേലിയേറ്റം രൂക്ഷമായതിനാൽ സന്ദർശകർ ഈ ഭാഗത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കുമെന്നതു മുൻനിറുത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന മേഖലയിൽ ഫുഡ് കോർട്ട്, മത്സ്യ വില്പന, മറ്റു കടകൾ എന്നിവയും പ്രവർത്തിപ്പിക്കെണ്ടെന്നാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകൾ തുറന്നതോടെ നിരവധി സന്ദർശകരാണ് ശംഖുംമുഖത്ത് വൈകുന്നേരങ്ങളിൽ എത്തി തുടങ്ങിയത്. ഇപ്പോൾ നിയന്ത്രണമുണ്ടെങ്കിലും തുലാവർഷം പിന്നിട്ട ശേഷം കടൽ ശാന്തമാകുമ്പോൾ സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിക്കാമെന്നാണ് അധികൃതരുടെ തീരുമാനം. അതിനു ശേഷമാകും ഇവിടെ നവീകരണ പ്രവർത്തനം നടത്തുക.