തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനക്കയറ്റം നൽകാനുള്ള വിവാദ തീരുമാനം സർക്കാർ പിൻവലിച്ചേക്കും. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാനത്തിൻെറ ഫയൽ മുഖ്യമന്ത്രി തിരിച്ചു വിളിപ്പിച്ചു.
വിദഗ്ദ സമിതി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റത്തിന് കാര്യക്ഷമത കൊണ്ടുവന്നത്. എന്നാൽ അതേ റിപ്പോർട്ടിൽ കമ്പ്യൂട്ടർ അസിസ്റ്റൻറിൻെറയും ഓഫീസ് അറ്റൻഡറുടെയും ഒഴിവുകൾ നികത്തേണ്ടതില്ലെന്നും നിർദ്ദേശിച്ചിരുന്നു. ഈ തസ്തികകളിലേക്ക്
240 പേരുടെ റാങ്ക് ലിസ്റ്റ് പി.എസ്.സിയിൽ നിലവിലുണ്ട്. ഒരു ലക്ഷം പേർക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ, ഇത് സർക്കാരിന് ദോഷം ചെയ്യും.വിദഗ്ദ സമിതി റിപ്പോർട്ട് സർക്കാർ വേണ്ടവിധം പഠിക്കാതെയാണ് നടപ്പിലാക്കിയത്. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങിയതോടെ തീരുമാനം പിൻവലിക്കേണ്ടി വന്നു.