തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബർ 8,10,14 തീയതികളിൽ നടക്കും. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരിക്കും വോട്ടെടുപ്പ്. ഡിസംബർ 16ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു. കൊവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പ്രചാരണവും വോട്ടെടുപ്പുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി കർശന മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജ്ഞാനം 12ന് പുറത്തിറക്കും. അന്നു മുതൽ പത്രികാസമർപ്പണവും ആരംഭിക്കും. ക്രിസ്മസിന് മുമ്പ് പുതിയ ഭരണസമിതികൾ നിലവിൽ വരുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
മട്ടന്നൂർ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്.
ഒന്നാം ഘട്ടം ഡിസംബർ 8ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം ഡിസംബർ 10ന്
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം ഡിസംബർ 14ന്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
കൊവിഡ് രോഗിക്ക് തപാൽ വോട്ട്
കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. ഇതിനായി വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് വരണാധികാരിക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും നൽകണം. വോട്ട് ചെയ്ത കവർ തപാലിൽ അയയ്ക്കുകയോ, ആൾവശം കൊടുത്തുവിടുകയോ ചെയ്യാം. വോട്ടെണ്ണുന്ന ദിവസം രാവിലെ വരെ കിട്ടുന്ന തപാൽ വോട്ടുകൾ പരിഗണിക്കും.
വോട്ടെടുപ്പിന്റെ തലേദിവസമാണ് കൊവിഡ് ബാധയുണ്ടായതെങ്കിൽ എങ്ങനെ വേണമെന്നതിൽ തീരുമാനം പിന്നീടറിയിക്കും. പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കും
തിരഞ്ഞെടുപ്പ് നടക്കുന്നത്
ഗ്രാമപഞ്ചായത്ത്: 941
ബ്ളോക്ക് പഞ്ചായത്ത്: 152
ജില്ലാപഞ്ചായത്ത്: 14
മുനിസിപ്പാലിറ്റികൾ: 86
നഗരസഭകൾ: 6
തിരഞ്ഞെടുപ്പ് കലണ്ടർ
വിജ്ഞാപനം: 12ന്
പത്രികാസമർപ്പണം:12 മുതൽ
സ്വീകരിക്കുന്ന അവസാന തീയതി: 19
സൂഷ്മ പരിശോധന: 20
പിൻവലിക്കാനുള്ള അവസാന തീയതി: 23
സ്ഥാനാർത്ഥി ചെലവ്
ഉയർത്തി
(പരിധി, ബ്രാക്കറ്റിൽ പഴയ നിരക്ക് ക്രമത്തിൽ)
ഗ്രാമപഞ്ചായത്ത്: 25000 രൂപ (10000 രൂപ )
ബ്ളോക്ക് പഞ്ചായത്ത്: 75000 (30000)
ജില്ലാ പഞ്ചായത്ത്: 1.50 ലക്ഷം (60000)
മുനിസിപ്പാലിറ്റി: 75000 (30000 )
കോർപറേഷൻ: 1.50 ലക്ഷം (60000 രൂപ)
വോട്ടർമാർ
പുരുഷന്മാർ: 1,29,25766
സ്ത്രീകൾ: 1,41,94775
ട്രാൻസ്ജൻഡർ: 282
ആകെ: 2,71,20823
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ വിജയം നേടും. സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ പദ്ധതികളും വലിയ മാറ്റങ്ങളാണ് നാട്ടിലുണ്ടാക്കിയത്. യു.ഡി.എഫിന്റെ അവിശുദ്ധ കൂട്ടുകെട്ടിനെ ജനം തിരസ്കരിക്കും.
- എ. വിജയരാഘവൻ, എൽ.ഡി.എഫ് കൺവീനർ
ത്രിതല പഞ്ചായത്തുകളിൽ ജനം ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ ഭരണമാണ്. അത് കാഴ്ചവയ്ക്കാൻ യു.ഡി.എഫിനു മാത്രമേ സാധിക്കൂ. ജനങ്ങൾ വലിയ മാറ്റമാണ് ആഗ്രഹിക്കുന്നത്. അതിന് അവർ ഒറ്റെക്കെട്ടായി രംഗത്തു വരുമെന്ന ഉറച്ച വിശ്വാസമുണ്ട്.
- മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ്
തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് എൻ.ഡി.എയ്ക്കായിരിക്കും. ഇടത്, വലതു മുന്നണികൾ ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും കഴിഞ്ഞു
കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്