തിരുവനന്തപുരം: വറചട്ടിയിൽ നിന്ന് എരിതീയിലേക്കെന്ന പോലെ, വിവാദക്കനലിൽ നിന്ന് പൊടുന്നനെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. രണ്ടായിരത്തിൽപ്പരം വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ, ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി.പൊതുവെ ,പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുകയെങ്കിലും, സ്വർണ്ണക്കടത്തും അനുബന്ധ ആരോപണങ്ങളും സൃഷ്ടിച്ച വിവാദങ്ങളിൽ കലുഷിതമാണ് കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം. അതിൽ നിന്ന് നേട്ടം കൊയ്യാമെന്ന് യു.ഡി.എഫും എൻ.ഡി.എയും കണക്കു കൂട്ടുമ്പോൾ, അതിനെ മറികടന്നുള്ള സർക്കാരിന്റെ വികസന നേട്ടങ്ങളും, ജനക്ഷേമ പദ്ധതികളും തുണയ്ക്കാതിരിക്കില്ലെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുന്നവർ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യുന്ന ചരിത്രം മുന്നിൽക്കണ്ട്, എങ്ങനെയും ആ മുന്നേറ്റം നേടിയെടുക്കാനുള്ള വാശിയിലാണ് മുന്നണികൾ.പരമ്പരാഗത മുന്നണികളുടെ ഘടന തന്നെ മാറ്റിമറിക്കുന്ന തരത്തിലേക്ക് പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപം കൊണ്ടു.ഇതിൽ എടുത്തു പറയേണ്ടത് കെ.എം. മാണിയുടെ അനന്തരാവകാശികളായ , ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ ഇടതുപക്ഷത്തേക്കുള്ള വരവാണ്. മദ്ധ്യ തിരുവിതാംകൂറിൽ ഈ മാറ്റം നിർണായക സ്വാധീനമാകുമെന്ന് ഇടതു നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ, തങ്ങളുടെ വോട്ടുബാങ്കിനെ അതൊരിക്കലും ബാധിക്കില്ലെന്നാണ് യു.ഡി.എഫിന്റെ വാദം. പ്രത്യക്ഷമായി നിഷേധിക്കുമ്പോഴും മലബാറിൽ മുസ്ലീം ലീഗിന്റെ മുൻകൈയിൽ വെൽഫെയർ പാർട്ടിയും, എസ്.ഡി.പി.ഐയുമായി ഉണ്ടാക്കുന്ന ബാന്ധവത്തിന്റെ സ്വാധീനം എത്രത്തോളമെന്നും ഈ തിരഞ്ഞെടുപ്പോടെ വ്യക്തമാകും. കഴിഞ്ഞ കുറി ഈ സ്വാധീനം കുറച്ചൊക്കെ ഇടതിനെയും തുണച്ചിരുന്നു.സംസ്ഥാനത്ത് തുടർ ഭരണം ലക്ഷ്യമിട്ട് നീങ്ങിയ ഇടതുമുന്നണിക്കേല്പിച്ച ആഘാതമായിരുന്നു സ്വർണ്ണക്കടത്തിന് ശേഷമുണ്ടായ വിവാദങ്ങൾ. ഏറ്റവുമൊടുവിൽ , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയത്തിന്റെ പുകമറയിൽ തളച്ചിടാനായെന്നതാണ് ഇതിന്റെ ഫലശ്രുതി. ഇ.ഡിയുടേത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കമെന്നാരോപിച്ച് സി.പി.എമ്മും ഇടതുമുന്നണിയും പ്രതിരോധിക്കുമ്പോൾ, യു.ഡി.എഫിനും ബി.ജെ.പിക്കും അത് ശക്തമായ പ്രചരണായുധമാവുന്നു.ജോസ് പോയതോടെ സീറ്റുകളുടെ കാര്യത്തിൽ ജോസഫ് വിഭാഗത്തിന്റെ കടുംപിടുത്തവും, കോൺഗ്രസിനകത്തെ താഴെത്തട്ടിലെ കലഹങ്ങളും യു.ഡി.എഫിന് തലവേദനയാണെങ്കിൽ, ഉൾപ്പാർട്ടി തർക്കം കലശലായത് ബി.ജെ.പി നേതൃത്വത്തെയും കുഴയ്ക്കുന്നു .