തിരുവനന്തപുരം: ഒറ്റദിവസം മൂന്ന് ജനകീയ പദ്ധതികൾക്ക് തുടക്കം കുറിച്ച് നഗരസഭ. ശാന്തികവാടത്തിലെ സംസ്കാര ചടങ്ങുകൾ ലൈവായി കാണുന്നതിനുള്ള വെബ് സ്ട്രീമിംഗ്, കുന്നുകുഴി അറവുശാലയുടെ നവീകരണം, അനന്തപുരി മെഡിക്കൽസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മേയർ കെ. ശ്രീകുമാർ ഇന്നലെ നിർവഹിച്ചത്.
ശാന്തികവാടത്തിൽ നടക്കുന്ന മരണാനന്തര ചടങ്ങുകളും ഫർണസിൽ നടക്കുന്ന ശവസംസ്‌കാരവും ലൈവായി കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്മാർട്ട് ട്രിവാൻഡ്രം വെബ് പേജിലും (www.smarttvm.corporationoftrivandrum.in), ശാന്തികവാടത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ലൈവ് സ്ട്രീമിംഗ് കാണാനാകും. ശാന്തികവാടം ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ സോഫ്റ്റ്‌വെയർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലും വെബ് പോർട്ടലിലും ബുക്കിംഗ് സൗകര്യമൊരുക്കും.
ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ അദ്ധ്യക്ഷതയിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഐ.പി.ബിനു, പാളയം രാജൻ, സി.സുദർശനൻ, കൗൺസിലർ എം.എം.വിദ്യാമോഹൻ, ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ എന്നിവർ പങ്കെടുത്തു.
സ്ലോട്ടർ ഹൗസ്
വർഷങ്ങളായി പ്രവർത്തനം മുടങ്ങിക്കിടക്കുന്ന കുന്നുകുഴിയിലെ നഗരസഭ സ്ലോട്ടർ ഹൗസ് ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾക്കും ഇന്നലെ തുടക്കമായി. അങ്കമാലി ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡാണ് 9.57 കോടി രൂപയ്ക്ക് സ്ലോട്ടർ ഹൗസിന്റെ നിർമ്മാണ പ്രവൃത്തി നിർവഹിക്കുന്നത്.
അനന്തപുരി മെഡിക്കൽസ്
ആവശ്യമരുന്നുകൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച അനന്തപുരി മെഡിക്കൽസിന്റെ ഉദ്ഘാടനവും നടന്നു. പാളയം സാഫല്യം കോംപ്ലക്‌സിലാണ് അനന്തപുരി മെഡിക്കൽസിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് നഗരസഭ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കായി 25 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവർത്തന സമയം.