ശിവഗിരി: കേന്ദ്ര മന്ത്രി വി. മുരളീധരനും ഭാര്യ ഡോ. കെ.എസ്. ജയശ്രീയും ശിവഗിരിയിലെത്തി പ്രണാമം അർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് ഇരുവരും ശിവഗിരി മഠത്തിലെത്തിയത്. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലനന്ദ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.
തികച്ചും സൗഹൃദ സന്ദർശനമാണെന്നും ഭക്തനെന്ന നിലയിൽ സമയം കിട്ടുമ്പോഴൊക്കെ ശിവഗിരി മഠത്തിലെത്തി ഗുരുവിന്റെ അനുഗ്രഹം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം പി.ആർ.ഒ കെ.കെ. ജനീഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു. മഹാസമാധി, ശാരദാ മഠം, വൈദിക മഠം എന്നിവിടങ്ങളിൽ മന്ത്രിയും ഭാര്യയും ആരതി തൊഴുതു പ്രണാമമർപ്പിച്ചു