തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡിനെതിരെ എല്ലാ കരുതലുമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ ചെലവിന് കൂടുതൽ തുക അംഗീകരിച്ചിട്ടുണ്ട്.
എന്നാലും രണ്ടുകാര്യങ്ങളിൽ കൊവിഡ് വെല്ലുവിളി ഉയർത്തും.ഒന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വോട്ടർക്ക് കൊവിഡ് ബാധിച്ചാൽ. രണ്ട് പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കൊവിഡ് ബാധിച്ചാൽ. തയ്യാറെടുപ്പുകൾ കമ്മിഷനും വെല്ലുവിളിയാണ്.വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പുവരെ കൊവിഡ് ബാധിച്ചാൽ തപാൽ വോട്ടിന് അപേക്ഷിക്കാം.കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇത് വിനിയോഗിക്കാം. ബാലറ്റ് പേപ്പർ വോട്ട് ചെയ്തിട്ട് ബന്ധുവിനാണെങ്കിലും വരണാധികാരിയെ നേരിട്ട് ഏൽപിക്കാം. എന്നാൽ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പാണ് കൊവിഡ് ബാധിക്കുന്നതെങ്കിൽ എങ്ങനെ വോട്ടുചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തപാൽ വോട്ടിന് അപേക്ഷിക്കാനാവില്ല. പി.പി.ഇ.കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന നിർദ്ദേശമുണ്ട്. പി.പി.ഇ.കിറ്റും ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാനെത്തിയാൽ പോളിംഗ് ഉദ്യോഗസ്ഥരും മറ്റ് വോട്ടർമാരും ഭയക്കും. ബൂത്തിൽ എത്തിയവർപോലും മടങ്ങിപ്പോയേക്കാം.
പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കൊവിഡ് ബാധിച്ചാൽ രണ്ടാഴ്ച ചികിത്സയ്ക്ക് വേണം.പിന്നീട് ഒരാഴ്ച ക്വാറന്റൈയിനുംകഴിഞ്ഞ് സ്ഥാനാർത്ഥിയെത്തുമ്പോൾ വോട്ടെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.നവംബർ 19 മുതൽ ഡിസംബർ 6 വരെ മൂന്നാഴ്ചയാണ് പ്രചാരണത്തിന് കിട്ടുക. സ്ഥാനാർത്ഥി ഇല്ലാതെ പ്രചാരണം നടത്തേണ്ട സ്ഥിതിയുണ്ടാകും. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ വ്യവസ്ഥയില്ല.കള്ളവോട്ടിനുള്ളസാദ്ധ്യതയും കൂടുതലാണ്. മാസ്ക്, ഷീൽഡ് എന്നിവ ധരിച്ചെത്തുന്ന വോട്ടർമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല.തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥർക്കും അരലക്ഷത്തിലേറെ വരുന്ന പൊലീസുകാർക്കും സാനിറ്റൈസറും മാസ്ക്കും ഫെയ്സ് ഷീൽഡും, കൈയ്യുറയും നൽകണം. ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചാലുണ്ടാകുന്ന സാഹചര്യവും ആശങ്കയുണ്ടാക്കുന്നതാണ്. വോട്ടിംഗ് മെഷീനും മറ്റ് സാമഗ്രികളും അണുവിമുക്തമാക്കാനും നല്ല ചെലവ് വരും. സാമൂഹ്യ അകലം പാലിച്ച് വോട്ടെടുപ്പ് സാമഗ്രികളും ജീവനക്കാരെയും എത്തിക്കാനും ചെലവ് കൂടും.