ബിനീഷിന്റെ ബിസിനസ് പങ്കാളികളുടെ വസതികളിൽ ഇന്നലെയും റെയ്ഡ്
ചോദ്യംചെയ്യലിൽ ബിനീഷ് ബിനാമി ഇടപാടുകൾ വെളിപ്പെടുത്തിയില്ല
തിരുവനന്തപുരം \ ബംഗളൂരു: ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂർ നീണ്ട റെയ്ഡിലെ നാടകീയ സംഭവങ്ങൾക്ക് ശേഷവും, ബംഗളൂരുവിൽ നിന്നുള്ള ഇ.ഡി സംഘം തിരുവനന്തപുരത്ത് തുടരുന്നു. തലസ്ഥാനത്തെ ബാങ്കുകളിലും ബിനീഷുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കരുതുന്നവരുടെ വസതികളിലും ഇന്നലെയും പരിശോധന തുടർന്നു.
ബിനീഷിന്റെ പ്രധാന ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന കാർപാലസ് ഉടമ അബ്ദുൾ ലത്തീഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായില്ല. ലത്തീഫിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ ഒളിവിലാണെന്ന് ഇ.ഡി പറയുന്നു. ബിനീഷിനൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് ലത്തീഫിനോട് ഹാജരാവാൻ നിർദ്ദേശിച്ചത്. ക്വാറന്റൈനിലാണെന്ന് കാട്ടി കഴിഞ്ഞ രണ്ടു വരെ ലത്തീഫ് സമയം ചോദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ട്.
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. എട്ടു ദിവസത്തെ ചോദ്യംചെയ്യലിൽ ബിനാമിയിടപാടുകൾ ബിനീഷ് വെളിപ്പെടുത്തിയില്ലെന്നാണ് സൂചന. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇ.ഡി കസ്റ്റഡി നീട്ടിച്ചോദിച്ചില്ലെങ്കിൽ ബിനീഷിനെ റിമാൻഡ് ചെയ്യാനാണിട. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നെന്ന മൊഴികളെത്തുടർന്ന്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങും. ബിനീഷിനെതിരെ മയക്കുമരുന്ന് കേസെടുത്തേക്കുമെന്നാണ് സൂചന.
ബിനീഷിന്റെ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമായ അൽജസാമിന്റെ വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തിയ ഇ.ഡി നിരവധി രേഖകൾ കണ്ടെടുത്തു. അരുവിക്കര വട്ടംകുളം സ്വദേശിയായ അൽജസാമിന്റെ പിതാവ് നേരത്തേ ഗൾഫിലായിരുന്നു. സഹോദരങ്ങളും ഗൾഫിലാണ്. മാൻപവർ കൺസൽറ്റൻസി ഉൾപ്പെടെ ബിസിനസുകൾ അൽജസാമിനുണ്ട്. . ബിനീഷിന്റെ കാറുകൾ അൽജസാമിന്റെ ബിനാമി പേരിലാണെന്നാണ് ഇ.ഡി പറയുന്നത്. അരുവിക്കര വട്ടക്കുളം സ്വദേശി അബ്ദുൽ ജബ്ബാറിന്റെ ബാങ്ക് ലോക്കറിൽ നിന്ന് 70പവൻ സ്വർണവും ഭൂമിയുടെ രേഖകളും കണ്ടെത്തി. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് നടത്തിയിരുന്ന 'ഹയാത്ത് ' ഹോട്ടലിന്റെ പാർട്ണറായിരുന്ന കാപ്പാട് സ്വദേശി റഷീദിനെയും ഇ.ഡി തേടുകയാണ്. ഹോട്ടലിൽ 30ശതമാനം ഓഹരി റഷീദിനായിരുന്നു. ലഹരി ഇടപാടുകളുടെ കേന്ദ്റമായിരുന്ന 'ഹയാത്ത്' വാങ്ങാനുൾപ്പെടെ അനൂപിന് പണം നൽകിയത് ബിനീഷാണെന്നാണ് ഇ.ഡി പറയുന്നത്.
.