തളിപ്പറമ്പ്: പിലാത്തറയിൽ ആക്രി വിൽപ്പനക്കാർ മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയായ സേലം സ്വദേശി ശങ്കർ (54) റിമാൻഡിൽ. ദേശീയപാതയോരത്ത് ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജീവ് കുമാർ (രാജു -38) ആണ് മരിച്ചത്.
ഇരുവരും കടയുടെ തൊട്ടടുത്ത ക്വാർട്ടേഴ്സിലായിരുന്നു താമസം. രാജീവ് കുമാറിന്റെ ഭാര്യയെ പറ്റി എന്തോ മോശമായി ശങ്കർ സംസാരിച്ചതോടെ ഇയാൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് ശങ്കറിനെ മർദ്ദിച്ചുവെന്നും പ്രകോപിതനായ ശങ്കർ മൂർച്ചയുള്ള കമ്പി ഉപയോഗിച്ച് രാജീവ് കുമാറിന്റെ നെഞ്ചിൽ കുത്തിയെന്നുമാണ് കേസ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശങ്കറിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. രാജീവ് കുമാറിനെ ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ശങ്കർ ഒറ്റയ്ക്കാണ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. പരിയാരം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ശങ്കറിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.