lory

കഴക്കൂട്ടം: ദേശീയപാതയിൽ കോരാണിയിൽ മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറിക്കിടയിൽപ്പെട്ട ബൈക്കുയാത്രക്കാരനായ ഡോക്ടർക്കടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ടാങ്കർ ലോറി ഡ്രൈവർ എറണാകുളം, തോട്ടു മുഖത്ത്, ഉദയംപേരൂർ പരേതനായ സുധാകരന്റെ മകൻ സുധീഷ് (36), ക്ലീനർ, ആലപ്പുഴ കണ്ടത്തിൻ ഗോപി ദാസിന്റെ മകൻ നിതീഷ് (27) എന്നിവരാണ് മരിച്ചത്. ടാങ്കറിലുണ്ടായിരുന്ന അരൂർ സ്വദേശി ഷൺമുഖന്റെ മകൻ ഷാജി (31), ബൈക്ക് യാത്രക്കാരനായ കൊല്ലം, ഓം പ്രകാശ് ഭവനിൽ ഓം പ്രകാശിന്റെ മകൻ ഡോ. ബാലകൃഷ്ണൻ (ഹൗസ് സർജൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ 12.30യോടെ കോരാണി എൽ.പി.എസിന് മുൻവശത്തെ ദേശീയ പാതയിലായിരുന്നു അപകടം. കഴക്കൂട്ടത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന മാലിന്യ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് ലോറിയിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരനെയും ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. അമിതവേഗതയും ഡ്രൈവർ ഉറങ്ങിയതുമാവാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം. മാത്രമല്ല ലോറി പഴകി തുരമ്പിച്ച അവസ്ഥയിലുമാണ്. സമീപത്തെ സി.സി ടിവി കാമറ ദൃശ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സുധീഷിന്റെ മാതാവ് അമ്മിണി. സഹോദരൻ: സുമേഷ്.