മംഗലപുരം: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ വഴിത്തർക്കത്തെ തുടർന്ന് അയൽവാസി പിക്കാസിന് തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി.
ഗുരുതരമായി പരിക്കേറ്റ മംഗലപുരം കുറക്കട, ആലുവിള വീട്ടിൽ ശരത്കുമാറിനെ (38) ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറക്കട, ലിസി ആലയത്തിൽ രാജേന്ദ്രനെതിരെ മംഗലപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഇക്കഴിഞ്ഞ 30നായിരുന്നു സംഭവങ്ങളുടെ തുടക്കം. വഴി കെട്ടിയടയ്‌ക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്ന് ശരത് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദ്യഅടി കൈകൊണ്ട് തടുക്കുന്നതിനിടയിൽ വലത്തു നെറ്റിയിലും കണ്ണിലും അടിയേറ്റു. മൂക്കിന്റെ പാലവും തകർന്നു. പരിക്കേറ്റ് നിലത്ത് വീണ ശരത്തിനെ ഒടിഞ്ഞ മൺവെട്ടിയുടെ കൈകൊണ്ട് രാജേന്ദ്രൻ വീണ്ടും ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. ഇതേത്തുടർന്ന് കാൽമുട്ടിനും വാരിയെല്ലിനും പൊട്ടലുണ്ട്. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശരത്തിനെ ആശുപത്രിയിലെത്തിച്ചത്.
രാജേന്ദ്രന്റെ സ്വാധീനത്തെ തുടർന്ന് പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്നും പരാതിയുണ്ട്. തുടർന്ന് ശരത്തിന്റെ കടുംബം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നല്കിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചത്. വലത് കണ്ണിലെ ഞരമ്പ് പൊട്ടിയതിനാൽ കാഴ്ചയ്‌ക്ക് സാരമായ തകരാറുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യയ്‌ക്കും ഒരു വയസുള്ള കുഞ്ഞിനുമൊപ്പമാണ് ശരത് താമസിക്കുന്നത്.