തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിനിൽക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
അത്തരം അഭ്യൂഹങ്ങളെ നേരത്തേ പാർട്ടി തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളുടെ പേരിലായാലും അങ്ങനെ പ്രചരിപ്പിക്കുന്നത് പോലും സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ്. മകൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന നിലപാട് നേരത്തേ തന്നെ കോടിയേരി വ്യക്തമാക്കിയതാണ്. കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയെ പിന്തുണച്ചിട്ടുണ്ട്. ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു. ഇതിന്മേൽ തുടർ ചർച്ച വേണ്ടെന്നാണ് സി.പി.എം നിലപാട്. പകരം, തദ്ദേശ തിരഞ്ഞെടുപ്പിന് പ്രാമുഖ്യം നൽകണം. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയാരോപണങ്ങൾക്കുള്ള മറുപടിയാവണം. ഇതിന്റെ ചുവട് പിടിച്ചുള്ള തുടർ ചർച്ച ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിലുണ്ടാവും..
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ അന്വേഷണത്തിന്റെ പേരിൽ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലാണെന്ന് പാർട്ടി വിലയിരുത്തുന്നു. ഇതിനെ രാഷ്ട്രീയമായി ചെറുക്കാനാവശ്യമായ പ്രചാരണ പരിപാടികൾ ഏറ്റെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള നീക്കത്തിന് യു.ഡി.എഫ് കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും, അതിന് വലിയ പ്രചാരം കൊടുത്തതും ഇതിന്റെ ഭാഗമാണ്.
കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയനീക്കങ്ങൾ തുറന്നുകാട്ടാൻ ഇടതുമുന്നണി 16ന് പ്രചാരണ പരിപാടി സംഘടിപ്പിക്കും. 10ന് ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും, കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ റെയ്ഡിന്റെ പേരിൽ 26 മണിക്കൂർ നേരം ഇ.ഡി നടത്തിയത് രാഷ്ട്രീയനാടകമാണെന്ന് പാർട്ടി കാണുന്നു. മനുഷ്യാവകാശ ലംഘനത്തിനെതിരെ കുടുംബം നിയമപരമായി നീങ്ങട്ടെ. പാർട്ടി ഈ വിഷയം ഏറ്റെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.