തിരുവനന്തപുരം: നിരക്ഷരതാ നിർമ്മാർജനത്തിനായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ- സാക്ഷരതാ മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ സാക്ഷരതാ പദ്ധതിയായ 'പഠ്നാ ലിഖ്നാ അഭിയാൻ' പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. 4.74 കോടി രൂപയുടെ പദ്ധതിയിൽ 2.84 കോടി കേന്ദ്രം നൽകും. നിരക്ഷരത കൂടിയ ജില്ലകളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയിൽ സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, തീരദേശവാസികൾ എന്നിവരാണ് മുഖ്യ ഗുണഭോക്താക്കൾ.
വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 1,15000 നിരക്ഷരരെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സാക്ഷരരാക്കും. കേന്ദ്രഫണ്ട് ലഭിക്കുന്നതോടെ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇത്രയും നിരക്ഷരരെ സർവേ നടത്തി കണ്ടെത്തും. 2011ലെ സെൻസസ് പ്രകാരം ഈ നാല് ജില്ലകളിലായി 6,12,624 നിരക്ഷരർ ഉണ്ടെന്നാണ് കണക്ക്. 4,27,166 പേർ സ്ത്രീകളാണ്.