തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് ഉത്‌സവകാലത്ത് ശബരിമലയിലേക്ക് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടകരുടെ സഞ്ചാരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര - പമ്പ, എരുമേലി - പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. മറ്റു കാനന പാതകളിൽ അനുമതിയുണ്ടാവില്ല.
തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.
പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. പ്രതിദിനം ദർശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് സൗകര്യം ഒരുക്കും.
കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണം നൽകിയതായി തമിഴ്‌നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, തമിഴ്‌നാട് അഡിഷണൽ ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന സെക്രട്ടറി അനിൽകുമാർ, ആന്ധ്രപ്രദേശ് സെക്രട്ടറി ശിരിജ ശങ്കർ, പോണ്ടിച്ചേരി സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു.