kpcc-meeting

തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തിൽ ഇന്നത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ, പ്രധാന അജൻഡ അതാകും. രാവിലെ 11 കെ.പി.സി.സി ആസ്ഥാനത്താണ് യോഗം. മുന്നണി വിപുലീകരണമടക്കം ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന യോഗമാണിത്.തദ്ദേശ തിരഞ്ഞെടുപ്പിൽ താഴേ തട്ടിലടക്കം സ്ഥാനാർത്ഥി ചർച്ചകൾക്കൊപ്പം തർക്കങ്ങളും ഉണ്ട്. ഇത് പരിഹരിച്ച് എത്രയും വേഗം സംഘടനയെ സജീവമാക്കാനുള്ള നിർദ്ദേശങ്ങൾ രാഷ്ട്രീയകാര്യ സമിതിയിലുണ്ടാകും. പി.സി. തോമസിന്റെ കേരള കോൺഗ്രസ് വിഭാഗവും പി.സി. ജോർജിന്റെ ജനപക്ഷവും യു.ഡി.എഫിലേക്ക് വരാനുണ്ടായിരുന്ന അനുകൂല സാഹചര്യം മാറിയിട്ടുണ്ട്. ജോർജിന്റെ വരവിനെ പലരും അനുകൂലിക്കുന്നില്ല. കോൺഗ്രസിലും ഭിന്നാഭിപ്രായങ്ങളുണ്ട്. ഇത് മനസിലാക്കിയ പി.സി. ജോർജ് യു.ഡി.എഫിനെ പഴി പറഞ്ഞിരുന്നു. പി.സി. തോമസ് വിഭാഗം മറ്റേതെങ്കിലും കേരള കോൺഗ്രസ് വിഭാഗത്തിൽ ലയിച്ച് വരാനാണ് കോൺഗ്രസിന് താല്പര്യം.

ഈ വിഷയങ്ങൾക്കൊപ്പം സർക്കാരിനെതിരായ രാഷ്ട്രീയസമരം ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്യും. ഇ.ഡി റെയ്ഡ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെ രാഷ്ട്രീയാക്രമണത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ പ്രത്യേകിച്ചും.