ldf

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളെ സംബന്ധിച്ച് അന്തിമധാരണയാകുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സി.പി.എം നടപടിയിൽ സി.പി.ഐക്ക് അമർഷം. ഇതോടെ ഇന്നലെ സി.പി.എം ജില്ലാ ആസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ചേർന്ന വാർത്താസമ്മേളത്തിൽ സി.പി.ഐ പ്രതിനിധികൾ പങ്കെടുത്തില്ല. അതേസമയം മറ്റെല്ലാ ഘടകകക്ഷി പ്രതിനിധികളും എത്തിയിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റിയോഗം നടക്കുകയാണെന്നും യോഗം കഴിയുന്ന മുറയ്ക്ക് അവർ എത്തുമെന്നും വാർത്താസമ്മേളനത്തിനിന്റെ തുടക്കത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചെങ്കിലും ഒരുമണിക്കൂറിന് ശേഷം യോഗം അവസാനിച്ചെങ്കിലും സി.പി.ഐക്കാർ എത്തിയില്ല. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെയും വെമ്പായം, മാണിക്കൽ, നെല്ലനാട്, ആനാട്, പനവൂർ, നന്ദിയോട്, വെട്ടൂർ പഞ്ചായത്തിലേയും സീറ്റുകളെ സംബന്ധിച്ച എൽ.ഡി.എഫ് ചർച്ച ഇന്ന് വൈകിട്ടോടെ പൂർത്തിയാകൂ. ഇതിന് ശേഷം എൽ.ഡി.എഫ് സംയുക്തമായി വാർത്താസമ്മേളനം വിളിക്കാമെന്നായിരുന്നു സി.പി.ഐ നിർദേശം. എന്നാൽ മറിച്ചാണ് സംഭവിച്ചത്. കൂടാതെ എല്ലാ സീറ്റിലും ധാരണയായെന്ന് സി.പി.എം നേതാക്കൾ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കലഹം രൂക്ഷമായി.

മേയർ സ്ഥാനാർത്ഥിയില്ല: ആനാവൂർ നാഗപ്പൻ

മേയർ സ്ഥാനാർത്ഥിയായി ആരെയും നിശ്ചയിച്ചിട്ടില്ലെന്നും മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എൽ.ഡി.എഫ് ശൈലി അല്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരിക്കുന്ന എല്ലാ വനിതകളും മേയറാകാൻ യോഗ്യരാണ്. നഗരത്തിലെ വികസനങ്ങൾ നിരത്തിയാണ് എൽ.എഡി.എഫ് സ്ഥാനാർത്ഥികൾ വോട്ടുതേടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വണർക്കടത്ത് ഉൾപ്പെടയുള്ള വിവാദ വിഷയങ്ങളും ഇ.ഡിയുടെ അന്വേഷണവും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിര‌ഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വി. ശിവൻകുട്ടിയും വ്യക്തമാക്കി. എൽ.ഡി.എഫ് നേതാക്കളായ അ‌ഡ്വ. എസ്. ഫിറോസ് ലാൽ, എം.എൻ. നായർ, പത്മകുമാർ.വി, എം.എം. മാഹീൻ, പാളയം രാജൻ, മലയിൻകീഴ് നന്ദകുമാർ, എസ്.വി. സുരേന്ദ്രൻ നായർ, കവടിയാർ ധർമ്മൻ, സി.ആർ. സുനു എന്നിവർ പങ്കെടുത്തു.