സീൻ ഒന്ന്
ആലുവ യു.സി കോളേജിനു സമീപമുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സിനിമാ ചർച്ചയുമായി ഒരു കൂട്ടം ചെറുപ്പക്കാർ. നാടകവും ജീവിതവും ഇഴപിരായാതെ ചേർന്നുറയുന്നതാണ് പ്രമേയം. ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഷനോസ് റഹ്മാനും ഷജാസ് റഹ്മാനും. സഹോദരങ്ങളാണ് രണ്ടു പേരും. ഇടയ്ക്ക് ചായയുമായി കുമാരി അമ്മ വരും. നീന വേണുഗോപാൽ എന്നാണ് ശരിക്കുള്ള പേര്. പക്ഷേ, അവർക്ക് കുമാരി അമ്മയാണ്. നീനയ്ക്ക് അവർ മക്കളും.
സീൻ രണ്ട്
പടികൾ കയറി സിനിമയുടെ ചർച്ചകൾക്കായി പോകുന്ന ചെറുപ്പക്കാർ താഴത്തെ നിലയിൽ നിന്നും കുമാരി അമ്മയുടെ മാധുര്യമേറും സ്വരത്തിൽ പഴയപാട്ടുകൾ കേൾക്കുമായിരുന്നു. സ്ട്രോക്ക് വന്ന് വീട്ടിൽ വിശ്രമിക്കുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ വേണുഗോപാലിനു വേണ്ടി ഭാര്യ നീനയാണ് പാടുന്നത്. രോഗബാധിതനായ ശേഷം സംസാരശേഷി നഷ്ടപ്പെട്ട വേണുഗോപാൽ ഭാര്യയുടെ പാട്ടിനൊപ്പം മൂളും.
സീൻ മൂന്ന്
ഒരു ദിവസം വേണുഗോപാൽ മരിച്ചു. വന്നവരൊക്കെ മടങ്ങി. മക്കൾ രണ്ടുപേരും വിദേശത്താണ്. നീന ഒറ്റയ്ക്കായി. ഏകാന്തതയെ മറക്കാൻ അവർ അപ്പോഴും പാടിക്കൊണ്ടിരുന്നു.
സീൻ നാല്
അഞ്ചിലേറെ വർഷമെടുത്ത കാത്തിരിപ്പിനൊടുവിൽ സിനിമ യഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിൽ ചെറുപ്പക്കാർ. സിനിമയുടെ കഥ കാച്ചിക്കുറുക്കിയതുപോലൊരു പാട്ടുണ്ട്. ആരെ കൊണ്ടു പാടിക്കണെമെന്നായി ചർച്ച. ഷജാസും ഷിനോസും 'കുമാരി അമ്മ നന്നായി പാടും" എന്ന് സംഗീത സംവിധായകൻ രാജേഷ് മുരുകേശനോടു പറഞ്ഞു. രാജഷിന് നീനയെ അറിയാം. 'പ്രേമം"സിനിമയുടെ ഷൂട്ടിംഗ് നടന്നത് നീനയുടെ തറവാട് വീടീനടുത്തായിരുന്നു.
സീൻ അഞ്ച്
റെക്കോഡിംഗ് സ്റ്റുഡിയോ. 2019ലെ സെപ്തംബർ മാസം. ഒരു കന്നിപ്പാട്ടുകാരിയുടെ ചങ്കിടിപ്പോടുകൂടി 62കാരി നീന സ്റ്റുഡിയോയിലെത്തി. പാടാൻ ആവശ്യത്തിന് സമയം രാജേഷ് അനുവദിച്ചു. ആത്മവിശ്വസം പകർന്ന് റഹ്മാൻ ബ്രദേഴ്സും.
സീൻ ആറ്
മന്ത്രി എ.കെ.ബാലൻ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച സിനിമ, തിരക്കഥ, സ്വഭാവനടി എന്നീ അവാർഡുകൾ നേടി 'വാസന്തി" ഞെട്ടിച്ചു. ചിത്രത്തിലെ ആകാശം കടലാസാക്കീ...ഭൂമി അതിലൊരു തൂലികയാക്കീ...കടലിന്റെ മഷികൊണ്ട് നമ്മൾ എഴുതിയ കവിതകൾ എന്നു തുടങ്ങുന്ന പാട്ടുകേട്ടവരൊക്കെ ചോദിക്കുന്നു, ആരാണ് ഈ ഗായിക?
ഫ്ലാഷ് ബാക്ക്:
മൂവാറ്റുപുഴക്കാരിയാണ് നീന. കുട്ടിക്കാലം മുതൽ റേഡിയോയിൽ പാട്ടുകേൾക്കുന്നതിലായിരുന്നു കമ്പം. ഇഷ്ടമുള്ള പാട്ടുകളൊക്കെ കാണാതെ പഠിക്കുന്നു. ഇരുപതാം വയസിൽ വേണുഗോപാലിനെ വിവാഹം കഴിച്ച് ആലുവയിലെത്തി. വിവാഹശേഷം നീനയുടെ പാട്ടുകേട്ട ഭർത്തൃപിതാവ് കൃഷ്ണൻ നായർ പാട്ട് പഠിപ്പിക്കാനായി ഒരു അദ്ധ്യാപികയെ വീട്ടിൽ വരുത്തി. ഒന്നരവർഷം കഴിഞ്ഞപ്പോൾ ആ അദ്ധ്യാപികയ്ക്ക് ജോലി കിട്ടിപോയി. അതോടെ പാട്ട് പഠനം നിലച്ചു. ബാങ്ക് ഒഫ് ഇന്ത്യയിലെ ജീവനക്കാരനായ വേണുഗോപാലിന് സ്ഥലം മാറ്രം കിട്ടുന്നിടത്തെല്ലാം നീനയും പോയി. രണ്ടു കുട്ടികളായി. വിഷ്ണു, ഹരി. അവരെ പാട്ടുപാടി ഉറക്കി.
ശേഷം നീന വേണുഗോപാൽ സംസാരിക്കുന്നു-
ഗായിക ആയപ്പോൾ എന്തു തോന്നുന്നു?
വളരെ നല്ല സിനിമ ആയിരിക്കുമെന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ പാടികഴിഞ്ഞപ്പോൾ സന്തോഷം തോന്നി. ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് 'വാസന്തി"ക്ക് അവാർഡ് കിട്ടിയപ്പോഴാണ്. അവർ ഒരു നല്ല സിനിമ ഉണ്ടാക്കി ആ സിനിമയിൽ പാടാൻ അവസരം കിട്ടി എന്നതു തന്നെയാണ് എന്റെ സന്തോഷം. എന്നെ കുറിച്ചും ഞാൻ പാടിയ പാട്ടിനെ കുറിച്ചും 'കേരളകൗമുദി" പത്രത്തിന്റെ ഒന്നാം പേജിൽ വാർത്ത വന്നപ്പോൾ എനിക്കും ഒരു അവാർഡ് കിട്ടിയ ഫീലായിരുന്നു. എല്ലാവരും വിളിച്ചു. പരിചയമുള്ളവർ, ബന്ധുക്കൾ എല്ലാവരും. ഇടയ്ക്ക് എപ്പോഴേ സൗഹൃദം തുടരാൻ കഴിയാത്തവരെല്ലാം വിളിച്ചു, അഭിനന്ദിച്ചു. ഒരു മരുമകളുടെ കുടുംബവീട് തിരുവനന്തപുരത്താണ് അവരാണ് രാവിലെ പത്രം വായിച്ചിട്ട് വിളിച്ചത്.
മക്കളുടെ സന്തോഷം എങ്ങനെയായിരുന്നു?
മക്കൾക്ക് വളരെയധികം സന്തോഷമായി. എന്നു പറഞ്ഞാൽ ഞാൻ അവരെ വളർത്തി വലുതാക്കുന്നതിന്റെ തിരക്കിലായിരുന്നു കുറച്ചു കാലം. അതു കഴിഞ്ഞ് അവരു കാണുന്ന അമ്മ അച്ഛനെ നോക്കുന്ന അമ്മയാണ്. അതു കഴിഞ്ഞ് മക്കൾ രണ്ടു പേരും അടുത്തില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മ, എന്നാൽ ഇങ്ങനെ സിനിമയിൽ പാടാൻ ഒരു അവസരം വരുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഈ കുട്ടികൾ (റഹ്മാൻ ബ്രദേഴ്സ്) ഇവിടെ വന്നു താമസിച്ചു എന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. വളരെ അടുപ്പമുള്ള രണ്ട് മക്കൾ അടുത്തുള്ളതുപോലെയായിരുന്നു എനിക്കവരുടെ സാമീപ്യം. മക്കൾ അടുത്തില്ലെങ്കിലും മക്കളുണ്ട്. അങ്ങനെ ഒരു നിലയിൽ ജീവിക്കുമ്പോൾ അകലെയുള്ള സ്വന്തം മക്കൾക്കും സന്തോഷമാണ്.
എനിക്ക് താൽപര്യമുള്ള കാര്യം അവരിലൂടെ അവസരം കിട്ടി. ഇതെല്ലാം സംഭവിച്ചത് അവരെ പരിചയപ്പെട്ടതോടു കൂടിയാണ്. വീട്ടിൽ വന്നുതാമസിക്കുന്നതിനു മുമ്പെ അവരെ പരിചയമുണ്ട്. അവർ ഇവിടെ എത്തിയതിനു ശേഷം ഈ സിനിമയുമായി ഞാൻ ഒരുപാട് അടുത്തു. ഒരു വളരെ നല്ല സിനിമയുണ്ടാകുന്നു എന്നത് എന്റെ മക്കൾക്കും അറിയാം. എന്റെ മക്കൾ അവധിക്ക് വന്നപ്പോൾ അതിന്റെ കുറച്ചു ഭാഗങ്ങൾ ഷിനോസ് കാണിച്ചുകൊടുത്തിരുന്നു. അവർക്ക് അറിയാമായിരുന്നു അതൊരു നല്ല സിനിമയായിരിക്കുമെന്ന് അതിൽ അമ്മ പാടി എന്നത് അവർക്ക് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. അവർക്ക് മൂന്ന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ അവർ ഫേസ്ബുക്കിൽ എഴുതി. എന്റ ഇളയമകൻ കുറിച്ചത് എന്റ ജീവിതത്തിലെ ഏറ്റവും മികച്ച പാട്ടുകാരി എന്റെ അമ്മയാണ്... അതിൽ ഞാൻ അഭിമാനം കൊള്ളുന്നുവെന്ന്.ആ വാചകങ്ങൾ വായിച്ചപ്പോൾ എനിക്ക് നാഷണൽ അവാർഡ് കിട്ടിയതുപോലെയാണ് തോന്നിയത്.
ഒരു രീതിയിൽ ജീവിതം തന്നെ സിനിമപോലെ അല്ലേ?
ജീവിതം തന്നെ സിനിമ പോലെ എന്നൊന്നും ചിന്തിക്കാൻ കഴിയുന്നില്ല. സിനിമ, പണ്ടും വളരെ ഇഷ്ടമുള്ളതായിരുന്നു. എന്റെ ഭർത്താവിന് സിനിമ കാണുന്നത് ഒരുപാട് ഇഷ്ടമായിരുന്നു. നമ്മൾ ഒരുപാട് സിനിമകൾ കണ്ടു.പിന്നെ. എന്റെ ചേച്ചിയുടെ മകനാണ് മധു നീലകണ്ഠൻ. അവൻ സിനിമാട്ടോഗ്രാഫറാണ്. എന്റെ ഭർത്താവിന്റെ സഹോദരിയുടെ മകനും സിനിമാട്ടോഗ്രാഫറാണ് മുകേഷ് മുരളീധരൻ. അങ്ങനേയും സിനിമയുമായി കുറച്ചു അടുപ്പമുണ്ടായി. അതു കഴിഞ്ഞാണ് ഈ കുട്ടികളുമായി പരിചയപ്പെടുന്നത്. അതുവഴി വളരെ അധികം ഇഷ്ടമുള്ള കാര്യം ചെയ്യാൻ അവസരം ഉണ്ടായി.
ഒറ്റയ്ക്കുള്ള ജീവിതം വിരസമല്ലേ?
ഒറ്റയ്ക്കുള്ള ജീവിതം ബോറടിപ്പിക്കുന്നുണ്ട്. ഈ കൊവിഡ് കാലത്താണ് അത് കൂടുന്നത്. എന്റെ മക്കൾക്ക് എന്റെ അടുത്ത് വരാനോ എനിക്ക് അവരുടെ അടുത്ത് പോകാനോ കഴിയുന്നില്ല. ഇല്ലെങ്കിൽ മാറി മാറി താമസിക്കുമായിരുന്നു. അവരേയും മരുമക്കളേയും കൊച്ചുമക്കളേയും വീഡിയോ കാൾ വഴി കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കൊച്ചു മക്കൾ വളരുന്നത് കാണുന്നുണ്ട്. അതൊക്കെയാണെങ്കിലും ഇപ്പോൾ കിട്ടിയ സന്തോഷം പങ്കുവയ്ക്കാൻ അവരും കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരുപാട് സന്തോഷം ആയേനെ. രണ്ടു മക്കളും എന്നെ എപ്പോഴും വിളിക്കും. ധാരാളം സംസാരിക്കും രണ്ടു പേരുടെ ഭാര്യമാരെയും ചെറുമക്കളെയും എപ്പോഴും വിളിച്ചാൽ കിട്ടുന്നവരാണ്. അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഉണ്ടാകരുത് എന്ന ചിന്തമാത്രമേ ഉള്ളിലുള്ളൂ. ഇപ്പോൾ അവർക്ക് സന്തോഷം കൊടുക്കാൻ പറ്റി.
ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ല. ഷിനുവും സജുവും ഇവർ രണ്ടുപേരും എനിക്ക് മക്കളെ പോലെയാണ്. അവരിവിടെ ഇപ്പോഴുമുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് സിജു വിൽസൺ ഇവിടെ വരാറുള്ള കുട്ടിയാണ്.
ഒരു യുഗ്മഗാനം പാടാൻ അവസരം കിട്ടിയാൽ ആർക്കൊപ്പം പാടാനാണ് ആഗ്രഹം?
അതൊക്കെ വളരെ വിദൂര സ്വപ്നമാണ്. ഇപ്പോൾ പാടുന്ന പുതിയ തലമുറയോട് എനിക്ക് സ്നേഹമാണ് പഴയ തലമുറയോടുള്ളവരോട് ബഹുമാനമാണ്. അതിനെ കുറിച്ച് സങ്കൽപ്പിക്കുന്നതേ ഇല്ല നമ്മുടെ ഗായകരുടെ പാട്ടുകൾ എനിക്ക് സാന്ത്വനമാണ്. ആരുടെ കൂടെ പാടിയാലും എനിക്ക് സ്വപ്ന തുല്യമാണ്.