തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ, ജില്ലയിൽ സ്ഥാനാർത്ഥികളെ കളത്തിലിറക്കി സി.പി.എമ്മും ബി.ജെ.പിയും. തീരുമാനമായ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇരു പാർട്ടികളും വാർത്താസമ്മേളനങ്ങളിലൂടെ പ്രഖ്യാപിച്ചത്. അതേസമയം, ഗ്രാമപഞ്ചായത്തുകളിലടക്കം മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകും മുമ്പേ ചില സ്ഥാനാർത്ഥികളെ സി.പി.എം ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ രേഖാമൂലം സി.പി.എം നേതൃത്വത്തെ സി.പി.ഐ നേതൃത്വം പ്രതിഷേധമറിയിച്ചത് തുടക്കത്തിലേ കല്ലുകടിയുമായി. യു.ഡി.എഫിലാകട്ടെ സീറ്റ് ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗം ഡി.സി.സി ഓഫീസിൽ വിളിച്ചിരിക്കുകയാണ്.
രണ്ട് ദിവസത്തിനകം മുഴുവൻ സ്ഥാനാർത്ഥികളെയും കളത്തിലിറക്കി പോർക്കളത്തിൽ സജീവമാകാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. തലസ്ഥാന കോർപ്പറേഷനും ജില്ലാ പഞ്ചായത്തുമാണ് ഏവരും ഉറ്റുനോക്കുന്നത്. തലസ്ഥാന കോർപ്പറേഷനിൽ മിന്നൽ മുന്നേറ്റം നടത്തിയ ബി.ജെ.പി മുഖ്യ പ്രതിപക്ഷ കക്ഷിയായതാണ് ശ്രദ്ധേയസംഭവവികാസം. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇക്കുറി 2015ലെ നേട്ടം മറികടക്കുകയെന്ന വെല്ലുവിളിയേറ്റെടുത്ത് നീങ്ങുന്ന ബി.ജെ.പിക്ക് തടയിടുക മാത്രമല്ല, വ്യക്തമായ മേൽക്കൈയോടെ ഭരണം നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണിയുടെ നീക്കം. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അവസ്ഥ മറികടന്ന് മുന്നിലെത്തുകയെന്ന വെല്ലുവിളിയാണ് യു.ഡി.എഫ് അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ തീക്ഷ്ണമായ ത്രികോണപ്പോരിലാണ് തലസ്ഥാനനഗരഭരണം കൈക്കലാക്കാൻ മുന്നണികൾ ഏർപ്പെട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലാകട്ടെ 19 ഡിവിഷനുകൾ നേടി വ്യക്തമായ മേൽക്കൈ ഉറപ്പാക്കിയ ഇടതുമുന്നണി ആ സ്ഥിതി നിലനിറുത്താനാണ് ശ്രമം. അതിന് തടയിട്ട് മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫും ശ്രമിക്കുന്നു. കഴിഞ്ഞ തവണ ഒരു ഡിവിഷൻ കൈക്കലാക്കിയ ബി.ജെ.പിയാകട്ടെ ഇക്കുറി അതിലേറെ നേട്ടം ആഗ്രഹിക്കുന്നു. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളും 2015ൽ പിടിച്ചെടുത്ത ഇടതുമുന്നണി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ശക്തമായ തേരോട്ടമാണ് നടത്തിയത്. ഇക്കുറി അതേ വിജയം ആവർത്തിക്കാനവർ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് രാഷ്ട്രീയകാലാവസ്ഥയും അനുകൂലമാണെന്നവർ വിലയിരുത്തുന്നു. ജില്ലയിൽ സ്വാധീനം വിപുലപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടെ പടപ്പുറപ്പാട്.