ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാനകൃഷ്ണ. കൊവിഡ് ലോക്ക്ഡൗണിന്റെ മുഷിപ്പിൽ നിന്നും ഒന്നു റിഫ്രെഷ് ചെയ്യാനായി സഹോദരിമാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ഹിറ്റായിട്ടുണ്ട്. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കൂടാതെ കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ അഹാന പങ്കുവച്ചിട്ടുണ്ട്. കേക്കുമായി അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിൽ പിറന്നാൾ ആശംസയും താരം നേർന്നിട്ടുണ്ട്. അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കുട്ടിയായിരുന്ന ഹൻസികയെ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സാമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ട് ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമായിരുന്നുവെന്നാണ് അഹാന കുറിച്ചത്. “ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. ഒരു പത്തുവയസുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓക്കെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന ഒന്നായി മാറുന്നു." അഹാന കുറിക്കുന്നു. മറ്റൊരു വീഡിയോയിൽ ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്. “പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ,” എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.