police

മുക്കം: പൊലീസിന്റെ മനുഷ്യമുഖം അനാവരണം ചെയ്യുന്ന ഹ്രസ്വചിത്രം അവതരിപ്പിച്ച് വ്യത്യസ്തരാകുകയാണ് മുക്കത്തെ ഒരു പറ്റം ചെറുപ്പക്കാർ. മരുന്നില്ലാത്ത മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കാതെ ജനത്തിന് കരുതലും കാവലുമായി പ്രവർത്തിക്കുന്ന പൊലീസിന്റെ മനുഷ്യമുഖം മാത്രമല്ല അവരുടെ നിസ്സഹായതയും കുടുംബത്തിന്റെ ആകുലതകളും പങ്കുവയ്ക്കുന്നതാണ് 'സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്'' എന്ന ഹ്രസ്വ ചിത്രം.
വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ ഓരാേ സമയത്തും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളാനാവാതെ അലസരായി തെരുവിലിറങ്ങുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കലാണ് പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഒരേ സമയം ഈ ജനക്കൂട്ടത്തെയും സ്വന്തം ശരീരത്തെയും വൈറസിന്റെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പൊലീസിന്. ഇത് അവരുടെ മാനസിക സന്തുലിതത്വം പോലും നഷ്ടപ്പെടാനിടയാക്കും. ഇങ്ങനെ സമ്മർദ്ദത്തിലകപ്പെടുന്ന പൊലീസിന്റെയും കുടുംബാംഗങ്ങളുടെയും ആകുലതകൾ തന്നെയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ജനങ്ങൾ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോളും കാര്യമായ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നടുറോഡിൽ വാഹനങ്ങൾക്കിടയിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന പൊലീസുകാരുടെ ദുർഘട രംഗങ്ങൾ ചിത്രത്തിൽ വരച്ചു കാട്ടുന്നു.
പടരുന്ന കൊവിഡിന്റെയും പഠിക്കാത്ത മനുഷ്യരുടെയും ഇടയിൽ പതറാതെ കൃത്യനിർവ്വഹണം നടത്തുന്ന പൊലീസ് ഉദ്യാേഗസ്ഥരുടെ കഥ പറയുന്ന ചിത്രം നല്ല സന്ദേശം നൽകുന്നതാണെന്നും ജനങ്ങൾക്ക് പൊലീസിനോടുള്ള വെറുപ്പും പേടിയും അകറ്റാൻ വലിയൊരളവോളം സഹായിക്കുന്നതാണെന്നും ഉയർന്ന പൊലീസ് ഓഫീസർമാർ അഭിപ്രായപെടുന്നു.

എൻ ത്രി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ആർ.പി. ബിജുവിന്റെതാണ്. അഷ്റഫ് അബു സംവിധാനവും മോഹിത് മുക്കം ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ ചലച്ചിത്ര താരം അബുസലിം, സൗപർണിക എന്നിവർക്ക് പുറമെ പ്രാദേശിക കലാകാരൻമാരും വേഷമിടുന്നു.