dronar

"പ്രാവേ,​ പ്രാവേ കൂടെവിടെ/ വാ,​ വാ കൂട്ടിനകത്താക്കാം/ പാലും പഴവും പോരെങ്കിൽ/ ചോറും കറിയും ഞാൻ നൽകാം..." എന്ന പാട്ട് കേട്ടിട്ടാണ് മരുതംകുഴിയിലെ 'കോടിയേരി' വീടിന് സമീപത്തുകൂടി നടന്ന് പോവുകയായിരുന്ന ബാലാവകാശ കമ്മിഷൻ ആ മതിലിനകത്തേക്ക് എത്തിനോക്കിയത്. പ്രാവേ, പ്രാവേ..., കാക്കേ, കാക്കേ, കൂടെവിടെ..., രാകിപ്പറക്കുന്ന ചെമ്പരുന്തേ... എന്ന് തുടങ്ങിയ പാട്ടുകൾ കേട്ടാലുടൻ കമ്മിഷൻ അകത്ത് കയറി പരിശോധിക്കുന്നതാണ് ശീലം. കമ്മിഷന്റെ കൈവശമിരിപ്പുള്ള കൈപ്പുസ്തകത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന പാട്ടുകൾ കേൾക്കുന്നിടത്ത് മാത്രമേ കമ്മിഷൻ പരിശോധനയ്ക്കായി ചെല്ലാറുള്ളൂ. അതിന്റെ ഭാഗമായി കൈപ്പുസ്തകവുമെടുത്ത് ചില മതിലുകളുടെ സമീപത്ത് കൂടെ കമ്മിഷൻ കറങ്ങാറുണ്ട്. അതാണ് കരുതൽ!

വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് പണ്ടേക്കുപണ്ടേ കമ്മിഷന്റെ ശീലം. അതുകൊണ്ട് 'കോടിയേരി' വീട്ടിനകത്ത് നിന്ന് പ്രാവേ, പ്രാവേ.. ഗാനം കേട്ടതുപാതി, കേൾക്കാത്തത് പാതി കുഞ്ഞുണ്ടെന്ന തിരിച്ചറിവിനാൽ കമ്മിഷൻ മതിലിനകത്തേക്ക് എടുത്തുചാടാനൊരുങ്ങിയതായിരുന്നു.

അതിനൊരു പ്രശ്നമുണ്ട് എന്ന കാര്യം അപ്പോഴാണ് കമ്മിഷൻ ഓർമ്മിച്ചതും ചാടിക്കടക്കാനായി മുന്നോട്ടാഞ്ഞ കാൽ പിന്നോട്ട് വലിച്ചതും. അതായത്, ബാലാവകാശകമ്മിഷൻ അങ്ങനെ മതിൽ ചാടിക്കടന്ന് അഭ്യാസം കാട്ടാനൊന്നും പാടില്ല. കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായതൊന്നും അനുവദനീയമല്ലാത്തതാണ്. അതുകൊണ്ടാണ് മതിൽ ചാടിക്കടക്കാതെ തന്നെ കമ്മിഷൻ കാര്യങ്ങൾ അന്വേഷിച്ചത്.

അപ്പോൾ അവിടെ ഇ.ഡി എന്ന് വിളിപ്പേരുകാരായ ചില ആളുകളിരുന്ന് എന്തൊക്കെയോ കാട്ടുന്നതായി കമ്മിഷൻ മനസ്സിലാക്കി. പ്രാവേ, പ്രാവേ കൂടെവിടെ... എന്ന് പാടിയത് ഇപ്പഹയന്മാരാണെന്നും കമ്മിഷൻ തിരിച്ചറിയുകയുണ്ടായി. അവരാകെ ചെയ്യുന്നത് തീറ്റയും കുടിയും പ്രാവേ, പ്രാവേ... പാട്ട് പാടലും മാത്രമായിരുന്നു. അതാകട്ടെ ഒന്നും രണ്ടും മണിക്കൂറല്ല. നീണ്ട 26 മണിക്കൂർ.

26 മണിക്കൂർ നേരമൊന്നും ഈ പാട്ട് പാടാൻ കമ്മിഷൻ ആരെയും അനുവദിക്കാറില്ല. അത് കമ്മിഷൻ നിയമാവലിയനുസരിച്ച് ഗുരുതരമായ കുറ്റകൃത്യമാണ്. തൂക്കിക്കൊല്ലാൻ വിധിക്കേണ്ടതാണ്. ഇവിടെ ഇ.ഡി ആയത് കൊണ്ട് മാത്രം അത്രത്തോളം പോയില്ല. അവരോട് വിശദീകരണം തേടിയിട്ടുണ്ട്.

.......................

- ശരിക്കും ഇ.ഡിക്കാർക്ക് ഈ വീട്ടിലെന്താണ് കാര്യം. 26 മണിക്കൂർ നേരം ആ വീട്ടിൽ ചെലവഴിച്ചിട്ട് ഒരു കാലണ പോലും കണ്ടുകിട്ടിയിട്ടില്ല. അങ്ങനെ കണ്ടുകിട്ടാൻ മാത്രം അണ,​ പൈ. വീട്ടിലിരിപ്പുള്ളയാളല്ല ബിനീഷ് കോടിയേരി. അദ്ദേഹം വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട യുവാവാണ്. കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ചില്ലറ കോടികളുണ്ടാക്കി കൈയിൽ വച്ചത് (വീട്ടിലല്ല) ഒരു കുറ്റമാണോ?ഞാനൊരു പാവം കോടീശ്വരൻ എന്നദ്ദേഹം പറയാറില്ല. ആകെയുള്ള ദൗർബല്യമെന്ന് പറയാവുന്നത് കടലിലെ കുളിയാണ്. ഇടയ്ക്കിടയ്ക്ക് കടലിൽ കുളിക്കാൻ പോകുന്നത് കൊണ്ട്, കുളം കാണിച്ച് പേടിപ്പിക്കാൻ ആരും നോക്കേണ്ട എന്നദ്ദേഹം എല്ലാവരോടും കട്ടായം പറയാറുമുണ്ട്.

അങ്ങനെയുള്ള പാവത്തിന്റെ വീട്ടിൽ കയറി ഇ.ഡി കാട്ടിയ അഭ്യാസം വല്ലാത്ത ചെയ്ത്തായിപ്പോയിയെന്ന് പറയാതിരിക്കാനാവില്ല. വീട്ടിൽ കയറി ഇ.ഡി കാർഡെടുത്തു, തുറുപ്പെടുത്തു എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരിപ്പെട്ട നിർമ്മലഹൃദയന്മാർക്കൊന്നും സഹിക്കാനാവില്ല. പായലിനെയും പൂപ്പലിനെനയും തുരത്താൻ അപ്പക്സ് അൾട്ടിമ കൊണ്ട് സാധിക്കും. ഇ.ഡിയെ തുരത്താൻ അത് പോരാ. ഇ.ഡി സംഹാരപൂജ തന്നെ അഭികാമ്യം!

................

- ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിയെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.ആഴ്ചയിലൊന്നോ രണ്ടോ ദിവസം മൗനവ്രതമെടുക്കണമെന്ന ചോമ്പാൽഗാന്ധിയുടെ ആഗ്രഹത്തെ തല്ലിക്കെടുത്തുന്നത് പക്ഷേ, ചെന്നിത്തലപ്പഹയനും മറ്റുമാണ്. ചോമ്പാൽഗാന്ധി പറഞ്ഞില്ലെങ്കിൽ ചെന്നിത്തലഗാന്ധി കേറി അതിലപ്പുറം പറഞ്ഞുകളയും! അതുകൊണ്ടെന്തുണ്ടായി. ചോമ്പാൽഗാന്ധിയുടെ നാക്കിൽ നിന്ന് ഗുളികൻ പ്രവഹിച്ചു. ഗുളികനെ ആര് വിചാരിച്ചാലും തടഞ്ഞുനിറുത്താനായിയെന്ന് വരില്ല. അതുകൊണ്ട് സ്ത്രീവിരുദ്ധപരാമർശത്തിന് ചോമ്പാൽഗാന്ധിക്കെതിരെയല്ല പിണറായിപ്പൊലീസ് യഥാർത്ഥത്തിൽ കേസെടുക്കേണ്ടത്. അതിന് പ്രേരിപ്പിച്ച ചെന്നിത്തലപ്പഹയനെതിരെയും മറ്റുമാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com