കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകൾ പലതായി. ഓവർ ബ്രിഡ്ജ് ഭാഗത്ത് എഴുപതടി ഉയരത്തിലാണ് റോഡ്. ഇടുങ്ങിയ റോഡുള്ള ഇവിടെ കാൽതെറ്റി യാത്രക്കാരും വാഹനങ്ങളും പലതവണ താഴ്ചയിലേക്ക് വീണിട്ടുണ്ട്. അടുത്ത കാലത്ത് ഓവർ ബ്രിഡ്ജ് റോഡിന്റെ കുറച്ച് ഭാഗത്ത് സംരക്ഷണവേലിയില്ലാത്തത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. ഇതുവരെ കൈവരി പുനഃസ്ഥാപിച്ചിട്ടില്ല. തെരുവ് വിളക്കുകൾ കത്താത്തതും സംരക്ഷണവേലിയില്ലാത്തതും വലിയ അപകടത്തിന് ഇടവരുത്തുമെന്നതിൽ സംശയമില്ല. റെയിൽവേ സ്റ്റേഷന്റെ മുൻ ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് യാത്രക്കാർക്ക് വളരെ ഉപയോഗമായിരുന്നു. അതും കത്താതായിട്ട് ഏറെക്കാലമായി. ഇതോടെ യാത്രക്കാർ ഇരുട്ടിൽ തപ്പുകയാണ്. ചെക്കാല വിളാകം ജംഗ്ഷനിൽ ഒരു ഹൈമാസ്റ്റ് ലൈറ്റുണ്ട്. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇവിടെ അനവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് വല്ലപ്പോഴുമാണ് കത്തുന്നത്. ഇതും ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കി കത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.