trivandrum-corporation

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷം നൂൽപ്പാലത്തിലൂടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം എൽ.ഡി.എഫ് മുന്നോട്ടുകൊണ്ടുപോയത്.കേവല ഭൂരിപക്ഷമില്ലാതെയാണ് അധികാരത്തിലിരുന്നത്. ബി.ജെ.പിയുടെ അപ്രതീക്ഷിതമായ വളർച്ചയാണ് എൽ.ഡി.എഫിന്റെ തേരോട്ടത്തിന് തടയിട്ടത്. മറുഭാഗത്ത് യു.ഡി.എഫ് 42ൽ നിന്നും 21 സീറ്റിലേക്ക് ഒതുങ്ങി. ഭരണത്തിൽ പലവട്ടം പ്രതിസന്ധിഘട്ടങ്ങളുണ്ടായെങ്കിലും ബി.ജെ.പിയും ‌യു.ഡി.എഫും കൈകോർക്കാതിരുന്നത് എൽ.ഡി.എഫിന് ആശ്വാസമായി.ഇക്കുറി കേവലഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടി ഭരണം നിലനിറുത്താൻ ഇടതുമുന്നണി തന്ത്രം മെനയുമ്പോൾ, ഭരണം പിടിച്ചെടുക്കുന്നതിൽ കുറഞ്ഞൊന്നും ആലോചിക്കുന്നില്ല ബി.ജെ.പി. കഴിഞ്ഞ തവണ 34 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസം അവർക്കുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വോട്ടാക്കിമാറ്റി ഭരണം നേടാനാണ് യു.ഡി.എഫ് തന്ത്രം മെനയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി ആദ്യഘട്ടപട്ടികയും പുറത്തിറക്കി. യു.ഡി.എഫ് പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.

അദ്യാവസാനം ട്വിസ്റ്റായി മേയർ

2015ൽ മേയർ സ്ഥാനത്തേക്ക് സി.പി.എം കണ്ടുവച്ച അര ഡസനോളം പ്രമുഖർ തോറ്റു. പിന്നാലെയാണ് അപ്രതീക്ഷിതമായി യുവനിരയിലെ വി.കെ.പ്രശാന്തിന് നറുക്കുവീണത്. തുടക്കത്തിലുണ്ടായ ട്വിസ്റ്റ് അവസാനഘട്ടത്തിലും സംഭവിച്ചു. ജനപ്രീതി നേടിയ പ്രശാന്തിനെ ഭരണസമിതി നാലുവർഷം പുർത്തിയാക്കുന്നഘട്ടത്തിലാണ് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. പാർട്ടിപോലും വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രശാന്ത് എം.എൽ.എ ആയി. പിന്നാലെ കെ.ശ്രീകുമാർ അവസാനലാപ്പിൽ മേയർ സ്ഥാനത്തെത്തി.

വികസന മുന്നേറ്റത്തിന്റെ സ്വാധീനം?

മുന്നണികൾക്ക് ഇക്കുറി ഭീഷണിയായി തിരുവനന്തപുരം വികസന മുന്നേറ്റമെന്ന കൂട്ടായ്മയും മത്സരരംഗത്തുണ്ട്. ജനങ്ങൾക്കിടയിൽ നിന്ന് സ്ഥാനാർത്ഥികളെ കണ്ടെത്തി 36 സീറ്റിൽ മത്സരിപ്പിക്കാനാണ് തീരുമാനം. തലസ്ഥാനത്ത് ഇതൊരു പുതിയ പരീക്ഷണം.

വോട്ടർമാർ

വോട്ടർമാർ - 7,88,197

പുരുഷൻമാർ - 3,77,535

സ്ത്രീകൾ - 4,10,660

ട്രാൻസ്ജെൻഡേഴ്സ് - 2

കക്ഷിനില

വാർഡുകൾ - 100

എൽ.ഡി.എഫ് -44

ബി.ജെ.പി- 34

യു.ഡി.എഫ് -21

സ്വതന്ത്രൻ -1