dizziness

തലകറക്കം വന്നാലുടൻ രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് നല്ലതുതന്നെ. എന്നാൽ ഇവ രണ്ടും സാധാരണ നിലയിലാണെന്ന് കരുതി 'മറ്റൊരു കുഴപ്പവുമില്ലെ'ന്ന് വിചാരിച്ച് പിന്നെ യാതൊരുവിധ ചികിത്സയും തേടാതെ നടക്കുന്നവരുണ്ട്.

ചില രോഗങ്ങൾ നേരിട്ടും അല്ലാതെയും തലകറക്കത്തിന് കാരണമാകാറുണ്ട്. വിളർച്ച രോഗികളിൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് തലകറക്കത്തിന് കാരണമാകും. അതുപോലെ വിരയുടെ ഉപദ്രവം കൊണ്ടോ ദീർഘകാലാനുബന്ധിയായ മറ്റേതെങ്കിലും രോഗത്തിൽ ഇ.എസ്.ആർ വർദ്ധിക്കുന്നതുകൊണ്ടോ രക്തക്കുറവ് സംഭവിക്കാം. അപ്പോഴും തലകറക്കവും ഒരു ലക്ഷണമായി കാണും. ചെവിക്കുള്ളിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിന് സാധിക്കാതെ വരികയും തലകറക്കം ഉണ്ടാകുകയും ചെയ്യും.

രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ നോർമൽ ആയിട്ടുള്ളവരാണെങ്കിലും തലകറക്കം ഉണ്ടാകുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കാറുണ്ട് .'എന്തോ സംഭവിക്കാൻ പോകുന്നു' എന്ന ഭീതി കാരണമാണ് താൽക്കാലികമായി ബി.പി വർദ്ധിക്കുന്നത്. പ്രഷറിനുള്ള മറ്റു മരുന്നുകൾ ഉപയോഗിക്കാതെ തന്നെ തലകറക്കം കുറയുമ്പോൾ ഇത്തരം ആൾക്കാർക്ക് ബി. പി കുറയുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ബി. പി കുറയ്ക്കുവാൻ ഡോക്ടർ മരുന്നു നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ വീണ്ടും പരിശോധിച്ച് അത് തുടർന്ന് കഴിക്കേണ്ടതുണ്ടോ എന്നുള്ള ഉപദേശം തേടണം. അല്ലാതെ സ്ഥിരമായി ബി.പിയ്ക്കുള്ള മരുന്ന് കഴിക്കേണ്ടവരല്ല ഈ ഗ്രൂപ്പിൽ പെട്ടവർ എന്നർത്ഥം.

പക്ഷാഘാതത്തിന്റെ മുന്നോടിയായും, തലയും തലച്ചോറുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളാലും തലകറക്കം ഉണ്ടാകാം. കഴുത്തിലെ അസ്ഥികൾക്കുണ്ടാകുന്ന വീക്കം, തേയ്മാനം(സെർവൈക്കൽ സ്പൊണ്ടിലൈറ്റിസ്,സ്പോണ്ടിലോസിസ്) എന്നിവയാണ് അധികം ആളുകളിലും തലകറക്കത്തിന് കാരണമായി കാണുന്നത്. തേയ്മാനം ദീർഘനാൾ നിലനിൽക്കുന്നതും ക്രമേണ വർദ്ധിക്കുന്നതുമാണ്. അത്തരം ആൾക്കാർ തലകറക്കത്തിന് മാത്രമായി മരുന്ന് കഴിച്ച് സമയം കളയാതെ രോഗത്തിനുള്ള യഥാർത്ഥ കാരണം തന്നെ കണ്ടെത്തി ചികിത്സിക്കാൻ ശ്രദ്ധിക്കണം.

ഏതു കാരണം കൊണ്ടുള്ള തലകറക്കം ആയാലും അത് കുറയ്ക്കാനുള്ള മരുന്നുകൾ ലഭ്യമാണ്. താല്ക്കാലികമായെങ്കിലും പെട്ടെന്ന് തലകറക്കം കുറയണമെങ്കിൽ അത്തരം മരുന്നുകൾ ആവശ്യവുമാണ്. എന്നാൽ അവ വീണ്ടും ആവർത്തിക്കുമെന്നതിനാൽ യഥാർത്ഥകാരണം അറിഞ്ഞുള്ള ചികിത്സയാണ് അനിവാര്യം.

തലകറക്കം അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുക, ഉയരത്തിൽ നിന്ന് ജോലി ചെയ്യുക, അധ്വാനിക്കുക, അധികസമയം നിൽക്കുക, കഴുത്തിൽ മസാജ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കണം. കഴുത്ത് വെട്ടിച്ചും കറക്കിയും ചില ബാർബർ ഷോപ്പുകളും മുറിവൈദ്യന്മാരും മസാജ് ചെയ്ത് അസുഖത്തെ വർദ്ധിപ്പിക്കുകയും മാരകമാക്കുകയുമാണ് ചെയ്യുന്നത്. ഇത് ചികിത്സയല്ല. താല്ക്കാലിക സുഖത്തിനായി അവരുടെ മുന്നിൽ ഇരുന്നു കൊടുക്കുന്നവർ ഇത് ചികിത്സയായി കരുതരുത്.

ഹൃദയ സംബന്ധമായും രക്തസഞ്ചാരസംബന്ധമായും ചിലപ്പോൾ പക്ഷാഘാതമുണ്ടാകുന്ന തലകറക്കം ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.

രക്ത പരിശോധന അനിവാര്യം

പ്രമേഹരോഗത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതും നിയന്ത്രണമില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നതും തലകറക്കത്തിന് കാരണമാണ്. അതു കൊണ്ട് തലകറക്കം തോന്നുന്ന പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടിയതാണെന്നോ കുറഞ്ഞതാണെന്നോ ഊഹിച്ച് തീരുമാനമെടുക്കരുത്. രക്ത പരിശോധന അനിവാര്യമായൊരു സന്ദർഭമാണിത്.

ഏതെങ്കിലും തരത്തിലുള്ള വീഴ്ച, അപകടങ്ങൾ, പരിക്കുകൾ, തലയോട്ടിയ്ക്കുള്ളിലെ രക്തസ്രാവം, അത് കാരണം രക്തസമ്മർദ്ദത്തിന് സംഭവിക്കാവുന്ന കുറവ്, കഴുത്തിന്റെ ഭാഗത്ത് അസ്ഥികൾക്കുണ്ടാകുന്ന പൊട്ടൽ, ഞരമ്പുകൾക്ക് സംഭവിക്കാവുന്ന പ്രവർത്തന വൈകല്യങ്ങൾ എന്നിവ തലകറക്കത്തിന് കാരണമാകാമെന്നതിനാൽ അപകടങ്ങളെ തുടർന്നുള്ള തലകറക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുക തന്നെ വേണം.

കിടക്കുന്ന ഒരാൾ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ, ഇരിക്കുന്ന ഒരാൾ എഴുന്നേറ്റ് നടക്കുമ്പോഴോ തലകറക്കം തോന്നുകയാണെങ്കിൽ ശരീരത്തിന്റെ ബാലൻസിനെ നിയന്ത്രിക്കുന്ന ചെവിയ്ക്കുള്ളിലെ ഭാഗങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. ഇത്തരം ആൾക്കാർ പെട്ടെന്ന് തല കറങ്ങി വീഴുന്നതിനും അപകടങ്ങൾ ഉണ്ടാകുന്നതിനുമുള്ള സാദ്ധ്യത കൂടുതലാണ്.
തലയ്ക്ക് തേയ്ക്കുന്ന എണ്ണയ്ക്ക് വ്യത്യാസം വരുത്തിയാൽ തന്നെ ഇത്തരം ആൾക്കാരിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്. സ്വന്തം ആരോഗ്യം മനസ്സിലാക്കാതെയും പരിഗണിക്കാതെയും അമിതാദ്ധ്വാനം ചെയ്യുന്നവരിലും തലകറക്കമുണ്ടാകും.

ശീലിച്ച സമയത്ത് ഉറങ്ങാതിരിക്കുന്നതും സ്ഥിരമായി ഉറക്കമൊഴിയുന്നതും തലവേദനയും തലകറക്കവുമുണ്ടാക്കും.

ഭയം, അമിതമായ ഉത്കണ്ഠ, ശുഭാപ്തി വിശ്വാസമില്ലായ്മ, പരിചിതമല്ലാത്ത കാര്യങ്ങളുമായി ഇടപെടേണ്ടി വരിക, സമുദ നിരപ്പിൽ നിന്നുമുള്ള ഉയരത്തിൽ പെട്ടെന്ന് വ്യത്യാസം വരുന്ന വിധമുള്ള യാത്രകൾ, സാഹസ പ്രവൃത്തികൾ തുടങ്ങിയവയിലെല്ലാം തലകറക്കം ഉണ്ടാകാറുണ്ട്. ‌നീണ്ടകാലം നീണ്ടുനിൽക്കുന്നതും
സ്ഥിരമായതുമായ തലകറക്കത്തിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്.