election-

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കു അഞ്ചുവർഷത്തിലൊരിക്കൽ നടക്കേണ്ട തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനുമുമ്പേ തന്നെ എവിടെയും തിരഞ്ഞെടുപ്പിന്റെ ആവേശവും അലയൊലിയും ഉയർന്നു കഴിഞ്ഞിരുന്നു എന്നതാണു വസ്തുത. ഡിസംബർ 8, 10, 14 തീയതികളിൽ മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ്. കൊവിഡ് ഭീതി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് മൂന്നുദിവസമായി നടത്തേണ്ടിവരുന്നത്. ഏപ്രിലിലോ മേയിലോ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിനു നാന്ദിയായി എത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് സുരക്ഷയുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാവുകയാണ്. രോഗവ്യാപനം കാര്യമായി കുറയാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാകയാൽ അതീവ കർക്കശമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചാണ് സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ തിരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ വോട്ടെണ്ണൽ ഘട്ടം വരെ പാലിക്കേണ്ട നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. അതനുസരിച്ചുതന്നെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ഭയാശങ്കകളില്ലാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞുപോകും.

ഒരുമാസത്തിലേറെ നീളുന്ന പ്രചാരണഘട്ടം ഉള്ളതിനാൽ സ്ഥാനാർത്ഥികളും പ്രവർത്തകരും മാത്രമല്ല പൊതുജനങ്ങളും അതീവ ജാഗ്രതയും കരുതലും പാലിക്കേണ്ടതുണ്ട്. ഉപയോഗിക്കാവുന്ന വാഹനങ്ങൾ, കൂടെ കൂട്ടാവുന്ന പ്രവർത്തകർ, പ്രചാരണ ചെലവ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ മത്സരത്തിന് ചൂടേറുന്തോറും നിബന്ധനകളൊക്കെ കാറ്റിൽ പറക്കുന്ന അനുഭവമാണുള്ളത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പൊതുജനാരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകരുത്. പാർട്ടികളും സ്ഥാനാർത്ഥികളും പ്രവർത്തകരും സദാ മനസിൽ കുറിച്ചിടേണ്ട പ്രതിജ്ഞയാണത്.

കൊവിഡ് കാലത്തിന് തുടക്കമിട്ട മാർച്ച് മാസം മുതൽ സംസ്ഥാനത്ത് വിവാഹം ഉൾപ്പെടെയുള്ള സകല ഒത്തുകൂടലും ഏറ്റവും കുറച്ചുപേർ മാത്രം ഉൾക്കൊള്ളുന്ന സ്വകാര്യ ചടങ്ങായിട്ടാണു നടന്നുവരുന്നത്. ആർഭാടങ്ങളോ വൻ ആൾക്കൂട്ടങ്ങളോ കൂടാതെ തന്നെ വിവാഹം പോലുള്ള മംഗളകർമ്മങ്ങളും നടത്താമെന്നു കാണിച്ചുതന്ന അപൂർവസുന്ദരമായ കാലം കൂടിയാണിത്. മഹാമാരി ഉയർത്തിയ ഭീഷണിയാണ് ഇതിന് അവസരമൊരുക്കിയത്. എന്നാൽ സാധാരണ സമയത്തും അനുകരിക്കാവുന്ന മഹത്തായൊരു മാതൃക തന്നെയാണിതെന്ന് ആളുകൾക്ക് ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. കൊവിഡ് കാലത്തെ മംഗളകർമ്മങ്ങൾ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. നാടിളക്കിയുള്ള വോട്ടുപിടിത്തത്തിനും ആഘോഷത്തിമിർപ്പുകൾക്കും ഇന്ന് ഒരു പ്രസക്തിയുമില്ല. തദ്ദേശ വാർഡുകളിൽ മത്സരിക്കുന്നവർ ഏതു പാർട്ടിയിൽ പെട്ടവരാണെങ്കിലും അവിടെയുള്ളവർക്കെല്ലാം മിക്കവാറും സുപരിചിതരാകും. അതുകൊണ്ടുതന്നെ പ്രചാരണ കോലാഹലം സൃഷ്ടിച്ച് പ്രവർത്തകരുടെ സംഘങ്ങളെ നിയോഗിച്ച് സ്വൈരജീവിതം ഭംഗപ്പെടുത്തേണ്ട കാര്യമില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് ചെലവിനു കർക്കശ നിയന്ത്രണമുള്ളതിനാൽ സ്ഥാനാർത്ഥികൾക്കും അത് ഉപകാരപ്രദമാകും. മുഖ്യസ്ഥാനാർത്ഥികൾ അതിനു തയ്യാറായാൽ തീർച്ചയായും മറ്റുള്ളവരും അതേവഴി തിരഞ്ഞെടുക്കാൻ നിർബന്ധിതരാകും. അങ്ങനെ അനാവശ്യ ചെലവുകൾ പലതും ലാഭിക്കാനാകും. അവസാനം തിരഞ്ഞെടുപ്പു ചെലവിന്റെ കണക്കു സമർപ്പിക്കേണ്ടിവരുന്ന ഘട്ടത്തിൽ കള്ളക്കണക്ക് എഴുതേണ്ടിവരികയുമില്ല. ജാഥയും ആൾക്കൂട്ടവും കൊട്ടിക്കലാശവുമൊന്നും പാടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശമുള്ളതിനാൽ അത്തരം ആർഭാടങ്ങൾക്ക് ആരും മുതിരുകയില്ലെന്നു കരുതാം. മുൻകാലങ്ങളിലെക്കാൾ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പു ചെലവ് ഇക്കുറി ഇരട്ടിയിലധികമാക്കിയിട്ടുണ്ട്. എന്നാൽ അതും എത്രമാത്രം അപര്യാപ്തമാണെന്ന് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലാത്തവർക്കുപോലും ബോദ്ധ്യമാകും. ഗ്രാമപഞ്ചായത്ത് വാർഡിൽ ഒരു സ്ഥാനാർത്ഥിക്കു പരമാവധി ചെലവഴിക്കാനാകുന്നത് 25,000 രൂപയാണ്. ജില്ലാ പഞ്ചായത്ത് വാർഡിലും കോർപ്പറേഷൻ വാർഡിലും ഒന്നരലക്ഷം രൂപയും. ബ്ളോക്ക് പഞ്ചായത്തിലും മുനിസിപ്പൽ വാർഡിലും 75,000 രൂപയാണു പരിധി. യാഥാർത്ഥ്യവുമായി യാതൊരു പൊരുത്തവുമില്ലാത്ത കണക്കാണിത്. ശക്തമായ മത്സരം നടക്കുന്ന ഒരു കോർപ്പറേഷൻ വാർഡിൽ സ്ഥാനാർത്ഥികൾ ഒഴുക്കേണ്ടിവരുന്നത് എത്ര ലക്ഷമാണെന്ന് ആർക്കും അറിയാത്തതല്ല. ചെലവു പരിധി നിർണയിച്ചിരിക്കുന്നതാകട്ടെ കേവലം ഒന്നര ലക്ഷവും.

അഞ്ചുവർഷത്തിലൊരിക്കൽ നിയമനിർമ്മാണ സഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും മുടങ്ങാതെ തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ജനങ്ങൾ ഏറെ പരിചിതമായിക്കഴിഞ്ഞ നിലയ്ക്ക് പ്രചാരണത്തിനും മറ്റുമുള്ള സമയം ഇനി കുറയ്ക്കാവുന്നതേയുള്ളൂ. കുറഞ്ഞപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും ഇതു പരീക്ഷിക്കാവുന്നതാണ്. ഏതാനും ആയിരം വോട്ടർ മാത്രമുള്ള ഒരു പഞ്ചായത്തു വാർഡിലും ഒരു മാസത്തിലേറെ നീളുന്ന പ്രാചരണകാലം എത്രയധികം ബാദ്ധ്യതയാകുമെന്ന് ആലോചിക്കാവുന്നതാണ്.

അവകാശവാദങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴക്കാലം കൂടിയാണ് ഓരോ തിരഞ്ഞെടുപ്പുവേളയും. രാഷ്ട്രീയ പാർട്ടികൾ മുന്നണിയായിത്തന്നെ മത്സരരംഗത്തുള്ളതിനാൽ വിജയപരാജയങ്ങൾക്ക് രാഷ്ട്രീയ മാനങ്ങളും വളരെയധികമാണ്.