കല്ലമ്പലം: ഗ്രാമപഞ്ചായത്തുകളിൽ ഭരണം നിലനിറുത്താനും കൈവിട്ട ഭരണം തിരിച്ചുപിടിക്കാനും തന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ സജീവമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചൂടുംചൂരുമേറി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണയം ഏറെക്കുറേ പൂർത്തിയായി. സ്ഥാനാർത്ഥികളുടെയും പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും ആരംഭിച്ചു. നാവായിക്കുളം, കരവാരം, മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. മുന്നണിക്കുള്ളിൽ പ്രശ്നങ്ങളും ഉൾപ്പാർട്ടി പ്രശ്നങ്ങളുമാണ് മുന്നണികളെ വലയ്ക്കുന്ന പ്രധാന പ്രശ്നം. സീറ്റ് ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽകുന്ന വിമതന്മാരും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവർ സമാഹരിക്കുന്ന വോട്ടുകൾ ജയപരാജയങ്ങളെ നിർണയിക്കുമെന്നതിനാൽ ഇത്തരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമവും മുന്നണികൾ നടത്തുന്നുണ്ട്. പ്രമുഖ പാർട്ടികൾക്കൊപ്പം ചെറുപാർട്ടികളും സ്വതന്ത്രന്മാരും കളം നിറഞ്ഞതോടെ എങ്ങും വീറുംവാശിയും ഏറി.