ana

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടാനപ്പേടി കനക്കുന്നു. പകൽ സമയത്തുപോലും ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമാണ് സൃഷ്ടിക്കുന്നത്. കാട്ടാനകൾ മേഖലയിൽ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഭയമാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലാർ ശിവകലയിൽ ആർ. സതീശൻ ആചാരിയുടെയും കല്ലാർ മംഗലകരിക്കകത്ത് മോഹനന്റെയും പുരയിടങ്ങളിലെ കൃഷി നശിപ്പിക്കപ്പെട്ടു. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്ത്, കുരങ്ങുകൾ, പന്നി, മ്ളാവ്, കരടി, കേഴ എന്നിവയുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. തെങ്ങ്, വാഴ, മരച്ചീനി, കമുക്, പച്ചക്കറികൾ എന്നിവയാണ് വന്യമൃഗങ്ങൾ നശിപ്പിക്കുകയും ആഹാരമാക്കുകയും ചെയ്യുന്നത്. മൂന്നുപേരുടെ ജീവനാണ് പത്തുവർഷത്തിനിടെ മേഖലയിൽ കാട്ടാനകൾ കവർന്നത്.

സമരത്തിനൊരുങ്ങി ജനങ്ങൾ

തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കല്ലാർ നിവാസികൾ നിരവധി തവണ വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നിരാശമാത്രമായിരുന്നു ഫലം. നടപടികൾ സ്വീകരിക്കാത്തതിനാൽ ജനരോഷവും ശക്തമാണ്. സഹികെട്ട ജനങ്ങൾ നിരവധി തവണ സമരവും നടത്തി. പ്രശ്ന പരിഹാരത്തിനായി റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ തുടർ സമരത്തിന് ഒരുങ്ങുകയാണിവർ.

വൈദ്യുതിവേലിയും ഫലം കണ്ടില്ല

വർദ്ധിച്ച കാട്ടാനശല്യം തടയാനായി ആനക്കിടങ്ങും വൈദ്യുതവേലിയും സ്ഥാപിക്കുമെന്ന വനം വകുപ്പിന്റെ പ്രഖ്യാപനവും പതിരായി. ചില മേഖലകളിൽ വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും ഇത് ഫലപ്രദമായില്ല. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട്

മന്ത്രി കെ. രാജു കല്ലാർ സന്ദർശിച്ചപ്പോൾ നാട്ടുകാർ നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകിയതല്ലാതെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.