തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുകൊല്ലം നഗരസഭാ കൗൺസിലിൽ നേർക്കുനേർ പോരാടിയവരുടെ ഇലക്‌ഷൻ പ്രതീക്ഷകളാണ് ചുവടെ. മൂന്ന് മുന്നണികളും നഗരഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ആവനാഴിയുള്ള അസ്ത്രങ്ങൾ എന്തൊക്കെയാണ്. അതേക്കുറിച്ച് പറയുകയാണ് ഭരണചക്രം തിരിച്ച മേയർ ഉൾപ്പെടെയുള്ളവർ.

മേയർ കെ. ശ്രീകുമാർ

ഇത്തവണയും എൽ.ഡി.എഫ് തന്നെ നഗരസഭയിൽ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ വരും. പ്രധാനമായും നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് വോട്ടർമാരുടെ മുമ്പാകെ വയ്ക്കുന്നത്. യുവജനങ്ങളുടെ പൾസ് അറിയാവുന്ന സ്ഥാനാർത്ഥികളയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന പ്രശ്നങ്ങളായിരുന്ന മാലിന്യ സംസ്കരണം, പാർക്കിംഗ്, റോഡുകളുടെ നവീകരണം എന്നിവയ്ക്ക് പരിഹാരം കാണാനായിട്ടുണ്ട്. കൊവിഡ് മഹാമാരിയിൽ നഗരസഭ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെട്ടതാണ്. ലോക്ക് ഡൗൺ സമയത്ത് നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ, ജനത ഹോട്ടലുകൾ എന്നിവയും സാധാരണക്കാർക്ക് പ്രയോജനമായിരുന്നു. നഗരത്തിലെ എക്കാലത്തെയും തലവേദനായിരുന്ന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി ആദ്യ മൾട്ടിലവൽ കാർപാർക്കിംഗ് ആരംഭിച്ചതും എരുമക്കുഴിയിൽ കുന്നുകൂടി കിടന്ന മാലിന്യം മാറ്റി പൂങ്കാവനമാക്കിയതും നഗരസഭയുടെ നേട്ടമാണ്. സ്മാർട്ട് സിറ്റി വഴി നഗരത്തെ സ്മാർട്ടാക്കാൻ പദ്ധതികൾ നടപ്പാക്കുന്നതും ഈ ഭരണസമിതിയുടെ നേട്ടമാണ്. ബി.ജെ.പിയിലെ ഭിന്നത കാരണം ഒരു കൗൺസിലർ ഇടതുപക്ഷത്തിൽ ചേർന്നതും എൽ.ഡി.എഫിന് അനുകൂല അന്തരീക്ഷം നൽകുന്നതാണ്.

എം.ആർ. ഗോപൻ (ബി.ജെ.പി, നഗരസഭ പ്രതിപക്ഷ നേതാവ്)​

ബി.ജെ.പി മികച്ച മുന്നേറ്റം കാഴ്ച വയ്ക്കും. നഗരസഭയുടെ അഞ്ച് വ‌ഷത്തെ ഭരണം അമ്പേ പരാജയമാണ്. അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്ന നഗരസഭ ഭരണസമിതിക്ക് നി‌ർമ്മാണോദ്ഘാടനങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളു. ഇതുവരെ ഒരു പദ്ധതിയും പൂർണമായും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ലൈഫ് മിഷൻ വഴി പാവപ്പെട്ടവർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച് നൽകിയെന്ന് പറഞ്ഞ് ജനങ്ങളെ കബിളിപ്പിച്ചത് പ്രചാരണത്തിൽ ആയുധമാക്കും. മാലിന്യ സംസ്കരണത്തിലെ പരാജയവും പല വാർഡുകളിലും റോഡുകൾ നവീകരിക്കാത്തതും നഗരസഭയുടെ വീഴ്ചയാണ്. ഉദ്ഘടാന മാമാങ്കങ്ങൾ മാത്രം നടത്തി പദ്ധതികൾ ചെയ്തിട്ടുണ്ടെന്ന് വാദിക്കുന്ന നഗരസഭയുടെ കപട മുഖം ജനങ്ങൾ തിരച്ചറിഞ്ഞ് ബി.ജെ.പിയെ ഇത്തവണ അധികാരത്തിലെത്തിക്കും.

ഡി. അനിൽകുമാർ ( യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)​

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാൾ വ്യത്യസ്തമായ ട്രെൻഡാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഭരണ വിരുദ്ധ തരംഗമുണ്ട്. നഗസഭ പല പദ്ധതികളിലും കാണിച്ച അഴിമതി തന്നെ ഇതിന് ഉദാഹരണമാണ്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമാണ്. അഴിമതി തുറന്ന് കാണിക്കാൻ എന്നും യു.ഡി.എഫ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ അർഹതപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചങ്കിലും ഒരാൾക്ക് പോലും ഇതു വരെ ഫ്ളാറ്റ് കൈമാറാൻ സാധിച്ചിട്ടില്ല. മാലിന്യ സംസ്കരണം എന്ന പേരിൽ കിച്ചൺ ബിന്നുകളും മറ്റും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ എന്നത് അഴിമതിയിൽ കുളിച്ച് നിൽകുന്ന ഒന്നായി മാറി. മാറി മാറി വരുന്ന നഗരസഭ ഭരണസമിതി നഗരസഭയെ കട്ട് മുടിക്കുന്ന സ്ഥിതിയാണ്. ഇതിനൊക്കെ മാറ്റാൻ വരാൻ ജനങ്ങോളോടൊപ്പം നിൽക്കുന്ന യു.ഡി.എഫ് അധികാരത്തിൽ വരണം.